ഗില്ലും രോഹിത്തുമില്ല; ഓസീസിനെതിരായ ഒന്നാം ടെസ്റ്റിൽ പകരക്കാർ ആരെല്ലാം?
text_fieldsപെർത്ത്: ന്യൂസിലൻഡിനെതിരെ നാട്ടിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലെത്തിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ടീം.
എന്നാൽ, നായകൻ രോഹിത് ശർമ ഈമാസം 22ന് പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിനുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. രോഹിത്തിനും ഭാര്യക്കും ആൺകുഞ്ഞ് പിറന്ന വിവരം ശനിയാഴ്ചയാണ് പുറത്തുവന്നത്. ടീമിൽനിന്ന് വിട്ടുനിൽക്കുന്ന രോഹിത് കുടുംബത്തോടൊപ്പമാണ്. ഇതിനിടെയാണ് സൂപ്പർ ബാറ്റർ ശുഭ്മൻ ഗില്ലിനും പരിശീലന മത്സരത്തിനിടെ പരിക്കേൽക്കുന്നത്. തള്ളവിരലിന് പൊട്ടലുള്ള താരവും ആദ്യ ടെസ്റ്റിനുണ്ടാകില്ല. ഇതോടെ പകരക്കാരായി ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോച്ച് ഗൗതം ഗംഭീർ.
രോഹിത്തിന്‍റെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുക. ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം ആരെത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കെ.എൽ. രാഹുലിനെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും താരം മൂന്നാം നമ്പറിൽ ഇറങ്ങുമെന്നാണ് പുതിയ വിവരം. പകരം അഭിമന്യൂ ഈശ്വരൻ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും. യശസ്വിക്കൊപ്പം താരം ഓപ്പൺ ചെയ്യും. വിരാട് കോഹ്ലി നാലാം നമ്പറിൽ തന്നെ കളിക്കും. ഓസീസ് മണ്ണിൽ 36കാരനായ കോഹ്ലി ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്‍റ്. വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അഞ്ചാം നമ്പറിൽ കളിക്കും. കീവീസിനെതിരെ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത് പന്തു മാത്രമാണ്. സ്പെഷലിസ്റ്റ് ബാറ്ററായി സർഫറാസ് ഖാനു പകരം ധ്രുവ് ജുറേൽ എത്തും. ഇന്ത്യ എയും ആസ്ട്രേലിയ എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിൽ ജുറേൽ തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്.
ഫാസ്റ്റ് ബൗളിങ്ങിനെ സഹായിക്കുന്ന പെർത്തിലെ ബൗൺസുള്ള പിച്ചിൽ ഒരു സ്പിന്നറെ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ രവീന്ദ്ര ജദേജ ടീമിലെത്തും. ആർ. അശ്വിനും വാഷിങ്ടൺ സുന്ദറും ബെഞ്ചിലിരിക്കും. ബുംറക്കു പുറമെ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരും ടീമിലുണ്ടാകും. എന്നാൽ, നാലാമത്തെ പേസറായി ആരെ കളിപ്പിക്കുമെന്നതിലാണ് ടീം തലപുകക്കുന്നത്. നിതീഷ് കുമാർ റെഡ്ഡിയോ ഹർഷിത് റാണയോ, ഇവരിൽ ആരെ കളിപ്പിക്കണം എന്നാണ് ടീം ആലോചിക്കുന്നത്. ഇരുവരും അരങ്ങേറ്റം മത്സരം കാത്തു നിൽക്കുകയാണ്. നിതീഷ് ഓൾ റൗണ്ടറാണ്. ഹർഷിതിന്‍റെ ഫസ്റ്റ് ക്ലാസ് ശരാശരി 42.63 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.