അവസാന രണ്ട് പന്തും സിക്സർ പറത്തി തെവാട്ടിയ; ഗുജറാത്തിന് 6 വിക്കറ്റ് ജയം
text_fieldsമുംബൈ: ബ്രാബോൺ സ്റ്റേഡിയത്തിൽ അവസാന പന്തുവരെ പൂരം വെടിക്കെട്ട്. അവസാനത്തെ രണ്ട് പന്തും സിക്സറിലേക്ക് പറത്തി രാഹുൽ തെവാട്ടിയ ഗുജറാത്ത് ടൈറ്റൻസിന് നേടിക്കൊടുത്തത് അവിശ്വസനീയമായ ജയം. ലിയാം ലിവിങ്സ്റ്റണും ശുഭ്മാൻ ഗില്ലും തീകൊളുത്തിയ വെടിമരുന്നാട്ടത്തിൽ സൂപ്പർ ഹീറോ ആയത് രാഹുൽ തെവാട്ടിയ. ഒഡിയൻ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്.
ആദ്യ പന്തിൽ വൈഡ്. അടുത്ത പന്തിൽ ഫോമിൽ നിൽക്കുന്ന ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ റണ്ണൗട്ട്. പകരം വന്ന തെവാട്ടിയ അടുത്ത പന്തിൽ സിംഗിൾ. തൊട്ടടുത്ത പന്തിൽ മില്ലർ വക ബൗണ്ടറി. വീണ്ടും സിംഗിൾ. ജയിക്കാൻ വേണ്ടത് രണ്ടു പന്തിൽ 12 റൺസ്. രണ്ടും സിക്സറിലേക്ക് പറത്തുകയല്ലാതെ മറ്റൊരു വഴിയുമില്ല. അതുതന്നെ സംഭവിച്ചു. ഡീപ് മിഡ്‍വിക്കറ്റിനു മുകളിലൂടെ സിക്സ്. ആകാംക്ഷ നിറഞ്ഞ നിമിഷത്തിനൊടുവിൽ തനിയാവർത്തനം പോലെ പടുകൂറ്റൻ സിക്സർ.. ഗുജറാത്തിന് ആറു വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അങ്ങനെ ത്രില്ലർ ക്ലൈമാക്സിൽ മറികടന്ന് പോയന്റ് പട്ടികയിൽ രണ്ടാമതായി.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 27 പന്തിൽ 64 റൺസെടുത്ത ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് 189 എന കൂറ്റൻ സ്കോറിൽ എത്തിച്ചത്. ശിഖർ ധവാനും (35) ജിതേഷ് ശർമയും (23), രാഹുൽ ചഹാറും (22) ആഞ്ഞുപിടിച്ചപ്പോൾ കൂറ്റൻ സ്കോർ പിറന്നു.
ഗുജറാത്തിന്റെ മറുപടി ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ടിലൂടെയായിരുന്നു. 59 പന്തിൽ 96 റൺസ്. സായി സുദർശന്റെ 35 റൺസും ഹർദിക് പാണ്ഡ്യയുടെ 27 ഉം അവസാന ഓവറിൽ വെറും 3 പന്തിൽ 13 റൺസുമായി രാഹുൽ തെവാട്ടിയയുടെ തീപ്പൊരി ബാറ്റിങ്ങും ഗുജറാത്ത് വിജയത്തിന് തിളക്കമേറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.