ഗിൽ നിറഞ്ഞാടി; ഗുജറാത്തിന് മുമ്പിൽ വീണ് ചെന്നൈ
text_fieldsഅഹ്മദാബാദ്: ഐ.പി.എല്‍ 16ാം സീസണിലെ ആദ്യം ജയം നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന്. 36 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമടക്കം 63 റൺസടിച്ച ഓപണർ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് ആതിഥേയർക്ക് അഞ്ചു വിക്കറ്റിന്റെ ജയമൊരുക്കിയത്. നാല് പന്ത് ബാക്കിനിൽക്കെയായിരുന്നു ഹാർദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും വിജയം.
179 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനായി ഓപണർമാരായ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 16 പന്തിൽ 25 റൺസ് നേടി സാഹ പുറത്തായതിനെ തുടർന്നെത്തിയ സായ് സുദർശൻ 17 പന്തിൽ 22 റൺസ് നേടിയും കളം വിട്ടു. എട്ട് റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ജദേജ ക്ലീൻ ബൗൾഡാക്കി. നാലാമനായാണ് ഗിൽ പുറത്തായത്. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഋതുരാജ് പിടികൂടുകയായിരുന്നു. 21 പന്തിൽ 27 റൺസെടുത്ത വിജയ് ശങ്കറും പുറത്തായതോടെ അവസാന ഓവറുകളിൽ ഗുജറാത്ത് സമ്മർദത്തിലായി. രാഹുൽ തെവാത്തിയ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ റാഷിദ് ഖാൻ എത്തി നേരിട്ട ആദ്യ പന്തിൽ സിക്സറും രണ്ടാം പന്തിൽ ഫോറുമടിച്ച് സമ്മർദം ഒഴിവാക്കി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസാണ്. എന്നാൽ, ആദ്യ രണ്ടു പന്തിൽ സിക്സും ഫോറുമടിച്ച് തെവാത്തിയ കളി ഗുജറാത്തിന്റെ വരുതിയിലാക്കി.
ഋതുരാജിന്റെ വെടിക്കെട്ടും ധോണിയുടെ ക്ലാസും
നേരത്തെ ഋതുരാജ് ഗെയ്ക്‍വാദിന്റെ വെടിക്കെട്ടിന്റെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 178 റൺസ് നേടിയത്. നിർഭാഗ്യത്തിന് സെഞ്ച്വറി നഷ്ടമായ ഋതുരാജ് 50 പന്തിൽ നാല് ഫോറും ഒമ്പത് സിക്സുമടക്കം 92 റൺസെടുത്ത് കാണികളെ വിരുന്നൂട്ടിയപ്പോൾ അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും ആഞ്ഞടിച്ച് തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന് തെളിയിച്ചു.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണര്‍ ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റ് ചെന്നൈക്ക് തുടക്കത്തിലേ നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോൾ ആറ് പന്തിൽ ഒരു റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ സീസണിലെ ആദ്യ വിക്കറ്റ് ഷമിയുടെ പേരിലായി. പിന്നീട് റാഷിദ് ഖാന്റെ ഊഴമായിരുന്നു. 17 പന്തിൽ 23 റൺസെടുത്ത മോയിൻ ഖാനെയും ആറ് പന്തിൽ ഏഴ് റൺസെടുത്ത ബെൻ സ്റ്റോക്സിനെയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.
എന്നാൽ, ഒരുവശത്ത് ഋതുരാജ് തകർത്തടിച്ചതോടെ ചെന്നൈയുടെ സ്കോറും മുന്നോട്ടുകുതിച്ചു. അവസാനം അൽസാരി ജോസഫിന്റെ പന്തിൽ ശുഭ്മാൻ ഗിൽ പിടിച്ചാണ് ഋതുരാജ് പുറത്താവുന്നത്. അമ്പാട്ടി റായുഡു 12 പന്തിൽ അത്രയും റൺസെടുത്ത് ജോഷ് ലിറ്റിലിന് വിക്കറ്റ് സമ്മാനിച്ചു. 18 പന്തിൽ 19 റൺസെടുത്ത ശിവം ദുബെയെ മുഹമ്മദ് ഷമി റാഷിദ് ഖാന്റെ കൈയിലെത്തിച്ചപ്പോൾ രണ്ട് പന്തിൽ ഒരു റൺസെടുത്ത രവീന്ദ്ര ജദേജയെ ജോസഫിന്റെ പന്തിൽ വിജയ് ശങ്കർ പിടികൂടി. പിന്നീടെത്തിയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഓരോ സിക്സും ഫോറുമടക്കം ഏഴ് പന്തിൽ 14 റൺസടിച്ച് പുറത്താവാതെ നിന്നു. മൂന്ന് പന്തിൽ ഒരു റൺസുമായി മിച്ചൽ സാന്റ്നറായിരുന്നു ധോണിക്കൊപ്പം ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.