‘ബാറ്ററെ അധിക്ഷേപിച്ചു’; സിറാജിന് പിഴയിട്ട് ഐ.സി.സി, മോശം പെരുമാറ്റത്തിന് ഹെഡിനും ശിക്ഷ
text_fieldsഅഡ്‌ലെയ്ഡ്: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയുണ്ടായ വാഗ്വാദത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ഓസീസ് ബാറ്റർ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് ഐ.സി.സി വിധിച്ചു. ഇരുവർക്കും ഓരോ ഡീമെരിറ്റ് പോയിന്‍റ് വീതം നൽകി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയുമുണ്ട്. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്‍റ് കൂടി ലഭിച്ചാൽ താരങ്ങൾക്ക് മത്സരത്തിൽ വിലക്കുവരും.
ബാറ്റർ വിക്കറ്റ് നഷ്ടമായി പുറത്തേക്ക് പോകുമ്പോൾ അധിക്ഷേപകരമോ പ്രകോപനപരമായതോ ആയ ഭാഷാപ്രയോഗം, ആംഗ്യം എന്നിവ പാടില്ലെന്ന വ്യവസ്ഥയാണ് സിറാജ് ലംഘിച്ചത്. കളിക്കാരനെയോ സപ്പോർട്ടിങ് സ്റ്റാഫിനെയോ അമ്പയറെയോ മാച്ച് റഫറിയെയോ അധിഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം പാടില്ലെന്ന വ്യവസ്ഥയാണ് ഹെഡ് ലംഘിച്ചത്. എന്നാൽ താരത്തിന് പിഴ നൽകേണ്ടെന്ന് ഐ.സി.സി വിലയിരുത്തി. ഇരുവരും തങ്ങളുടെ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി രഞ്ജൻ മദുഗല്ലെ നിർദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തെന്ന് ഐ.സി.സി വ്യക്തമാക്കി.
ഓസീസിന്‍റെ ആദ്യ ഇന്നിങ്സിലെ 82-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യ പന്തിൽ സിറാജിനെ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തിൽ സിക്സറിനും പറത്തി. എന്നാൽ തൊട്ടടുത്ത ഫുൾലെങ്ത് ഡെലിവറിയിൽ സിറാജ് ഹെഡിനെ ബൗൾഡാക്കി. പിന്നാലെ ഏറെ അഗ്രസീവായാണ് സിറാജ് ആഘോഷിച്ചത്. ഹെഡ് തിരികെ പ്രതികരിച്ചതോടെ സിറാജ് പവലിയനിലേക്ക് കയറിപ്പോകാൻ ആംഗ്യം കാണിച്ചു. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.
മത്സരത്തിൽ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് അഡ്‌ലെയ്ഡിൽ തന്‍റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി പൂർത്തിയാക്കി. സെഞ്ച്വറിക്ക് ശേഷം സ്കോറിങ് ഹെഡ് ഇരട്ടിവേഗത്തിലാക്കി. 141 പന്തിൽ 140 റൺസുമായാണ് താരം പുറത്തായത്. 17 ഫോറും നാല് സിക്സറുമടങ്ങുന്നതാണ് ഇന്നിങ്സ്. അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾ സഞ്ച്വറി നേടിയ ഹെഡിന് വേണ്ടി കൈയടിക്കുകയും സിറാജിനെ കൂവി വിളിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോ ചുവടെ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.