രണ്ടു കിലോമീറ്റർ ഓടണം; ബി.സി.സി.ഐ ഫിറ്റ്നെസ് ടെസ്റ്റ് തോറ്റ് സഞ്ജുവും ഇഷാനും
text_fields
മുംബൈ: ടീം ഫിറ്റ്നെസ് ഉറപ്പാക്കാനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വീണ്ടും ഏർപെടുത്തിയ രണ്ടു കിലോമീറ്റർ ഓട്ടം തോറ്റ് മലയാളി താരം സജ്ഞു സാംസൺ ഉൾപെടെ ആറു പേർ. ഇഷാൻ കിഷൻ, നിതീഷ് റാണ, രാഹുൽ തെവാത്തിയ, സിദ്ധാർഥ് കൗൾ, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ആരംഭിച്ച ഫിറ്റ്നസ് റൺ' പരാജയപ്പെട്ടത്.
പുതുതായി ഉൾപെടുത്തിയതായതിനാൽ എല്ലാവർക്കും ഫിറ്റ്നെസ് ഉറപ്പാക്കാൻ രണ്ടാമതും അവസരം നൽകും. അതിലും പരാജയമായാൽ ഇംഗ്ലണ്ടിനെതിരായ വരുന്ന മൂന്ന് ഏകദിനങ്ങൾ, അഞ്ച് ട്വൻറി20കൾ എന്നിവയടങ്ങിയ വൈറ്റ്ബാൾ പരമ്പരയിൽ ഇവർക്ക് ഇടം അപകടത്തിലാകും.
2018ൽ സാംസൺ, മുഹമ്മദ് ഷമി, അംബാട്ടി റായുഡു എന്നിവർ സമാനമായി യോ-യോ ടെസ്റ്റ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനങ്ങളിൽനിന്നുൾപെടെ ഇവർ പുറത്തായി.
അടുത്തിടെ ആസ്ട്രേലിയക്കെതിരെ നടന്ന ട്വൻറി20 പരമ്പരയിൽ സാംസൺ അംഗമായിരുന്നു.
20ലധികം താരങ്ങൾക്കാണ് യോ-യോ ടെസ്റ്റും രണ്ടു കിലോമീറ്റർ ഓട്ടവും നടത്തി ഫിറ്റ്നസ് പരിശോധിക്കുന്നത്. ഈ വർഷം നടക്കുന്ന ട്വൻറി20 ലോകകപ്പിലുൾപെടെ ഇറങ്ങാനുള്ള ടീമിനെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പരിശോധന.
ബാറ്റ്സ്മാൻ, വിക്കറ്റ്കീപർ, സ്പിന്നർ എന്നിവർ എട്ടുമിനിറ്റും 30 സെക്കൻഡുമെടുത്ത് രണ്ടു കിലോമീറ്റർ ദൂരം പൂർത്തിയാക്കണമെന്നാണ് ചട്ടം. ഫാസ്റ്റ്ബൗളർക്ക് സമയപരിധി പിന്നെയും ചുരുങ്ങി എട്ടുമിനിറ്റ് 15 സെക്കൻഡാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.