ട്വന്റി 20 റൺവേട്ടക്കാരിൽ ആകാശത്തോളമുയർന്ന് 'സ്കൈ'
text_fields2022ലെ അന്താരാഷ്ട്ര ട്വന്റി 20 റൺവേട്ടക്കാരിൽ മുമ്പനായി ഇന്ത്യൻ യുവതാരം സൂര്യകുമാർ യാദവ്. 'സ്കൈ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 32കാരൻ ഈ വർഷം അടിച്ചുകൂട്ടിയത് 732 റൺസാണ്. 619 റൺസ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്‍വാനും വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാനുമാണ് തൊട്ടുപിന്നിലുള്ളത്. ട്വന്റി 20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ റൺ നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. 2018ൽ 689 റൺസ് അടിച്ചുകൂട്ടിയ ശിഖർ ധവാന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്.
180.29 സ്ട്രൈക്ക് റേറ്റോടെയും 40.66 ആവറേജോടെയുമാണ് സൂര്യകുമാറിന്റെ റൺവേട്ട. ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നാലാമനായി ഇറങ്ങി വിശ്വരൂപം പുറത്തെടുത്ത താരം 33 പന്തിൽ 50 റൺസെടുത്ത് പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.
ഒരു വർഷം ട്വന്റി 20യിൽ ഏറ്റവും സിക്സ് നേടിയ താരമെന്ന റെക്കോർഡും ഇനി സൂര്യകുമാറിന് സ്വന്തമാണ്. 2021ൽ 42 സിക്സ് നേടിയ പാക് താരം മുഹമ്മദ് റിസ്‍വാന്റെ റെക്കോർഡാണ് ഇന്ത്യൻതാരം പഴങ്കഥയാക്കിയത്. ഇതുവരെ 45 സിക്സാണ് സൂര്യ അടിച്ചുകൂട്ടിയത്. ഈ വർഷം മൂന്ന് മാസം കൂടി അവശേഷിക്കുന്നതിനാൽ സിക്സറുകളുടെ എണ്ണവും കൂടും. റിസ്‍വാൻ 26 ഇന്നിങ്സിൽനിന്നാണ് 42 സിക്സ് നേടിയതെങ്കിൽ സൂര്യകുമാറിന് റെക്കോർഡ് തകർക്കാൻ 21 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. നിലവിൽ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാമതാണ് സൂര്യകുമാർ യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.