ലോകകപ്പ് മെഡൽ കഴുത്തിലണിഞ്ഞാണ് ആ രാത്രി ഞാൻ ഉറങ്ങിയത്; ഐതിഹാസിക വിജയത്തിന്‍റെ ഓർമ പുതുക്കി ഇന്ത്യൻ താരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്‍റെ കളിമുറ്റമായ വാങ്കഡെ സ്റ്റേഡിയത്തിന്റെ വിരിമാറിൽ എം.എസ്. ധോണിയും സംഘവും ചരിത്രം കുറിച്ചിട്ട് ഇന്നേക്ക് 10 വർഷം തികയുകയാണ്. ഒന്നോ രണ്ടോ കളിക്കാരുടെ മാത്രം മികവിൽ ഇന്ത്യ നേടിയ കിരീട വിജയമായിരുന്നില്ല അത്. മൊത്തത്തിൽ ഒരു ടീം ഗെയിമിന്‍റെ ഫലമായിട്ടായിരുന്നു രണ്ടാം ഏകദിന ലോകകപ്പ് ബി.സി.സി.ഐയുടെ ഷെൽഫിലെത്തിയത്.
വിവിധ ഘട്ടങ്ങളിൽ ഒരോ കളിക്കാരനും നിസ്തുലമായ സംഭാവനകൾ നൽകി ടീമിന്‍റെ ഭാഗമായി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 482 റൺസുമായി ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറാണ് ടോപ്സ്കോറർ. ഗൗതം ഗംഭീർ (393), വീരേന്ദർ സേവാഗ് (380), യുവരാജ് സിങ് (362) എന്നിവർ ബാറ്റുകൊണ്ട് മികച്ച സംഭാവന നൽകി. സഹീർ ഖാൻ (21), യുവരാജ് (15), മുനാഫ് പേട്ടൽ (11), ഹർഭജൻ (9) എന്നിവർ പന്തുകൊണ്ടും തിളങ്ങി.
ലോകകപ്പ് വിജയവും അതുമായി ബന്ധപ്പെട്ട അനുഭവവും ഒരു ദേശീയ മാധ്യമവുമായി പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.
2011ലെ ലോകകപ്പ് വിജയത്തിന് 10 വയസ്സായത് താങ്കൾക്ക് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ?
സമയം എത്രവേഗമാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം സംഭവിച്ച പോലെയാണ് എനിക്ക് തോന്നുന്നത്. ലോകകപ്പ് വിജയവും അതിന്‍റെ ഓർമകളും ഇന്നും മനസ്സിൽ പുതുമയോടെ കാത്തുസൂക്ഷിക്കുന്നു.
എങ്കിലും വാങ്കഡെ സ്റ്റേഡിയത്തിൽ പോകുേമ്പാൾ എനിക്ക് രോമാഞ്ചമൊന്നും വരാറില്ല, കാരണം അതിന് ശേഷവും ഞങ്ങൾ എത്രയോ മത്സരങ്ങൾ അവിടെ കളിച്ചിരിക്കുന്നു.
ലോകകപ്പ് നേട്ടത്തിലെ ഒരു സ്പെഷ്യൽ അനുഭവം ഓർത്തെടുക്കാമോ?
ലോകകപ്പ് ഉയർത്തിയ ആ നിമഷമാണ് ഏറ്റവും പ്രിയപ്പെട്ടത്. ആ ഒരു അനുഭവത്തെ കവച്ചുവെക്കുന്ന മറ്റൊന്നില്ല. ലോകകപ്പ് മെഡൽ കഴുത്തലണിഞ്ഞാണ് ഞാൻ ആ രാത്രി കിടന്നുറങ്ങിയത്. പ്രകടനത്തെ കുറിച്ച് പറയുേമ്പാൾ ക്വാർട്ടറിൽ ഓസീസിനെതിരെ സഹീറിന്‍റെ പ്രകടനം എടുത്തു പറയണം. മൈക്ക് ഹസിയെ ബൗൾഡാക്കുകയും കാമറൂൺ വൈറ്റിനെ സ്വന്തം പന്തിൽ പിടികൂടുകയും ചെയ്താണ് സാക് മത്സരം ഞങ്ങൾക്ക് അനുകൂലമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ സമനിലയായ മത്സരത്തിലെ മൂന്ന് വിക്കറ്റും പാകിസ്താനെതിരായ സെമിയിലെ പ്രകടനവും വളരെ സ്പെഷ്യലാണ്.
പാകിസ്താനെതിരായ സെമിയിൽ നേടിയ ആ രണ്ട് വിക്കറ്റിനെ കുറിച്ച് പറയാമോ?
ഞങ്ങൾക്ക് അത് ശരിക്കും ഫൈനൽ പോലെയായിരുന്നു. രണ്ട് പ്രധാനമന്ത്രിമാർ കാണികളായെത്തിയ പാകിസ്താനെതിരായ സുപ്രധാനമായ ഒരു മത്സരം തോൽക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.
രണ്ടാം സ്പെൽ എറിയാനെത്തുേമ്പാൾ എനിക്ക് വിറക്കുന്നുണ്ടായിരുന്നു. റൺസ് അധികം വിട്ടുകൊടുക്കാതെ വിക്കറ്റ് വീഴ്ത്തുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ പന്തിൽ തന്നെ ഞാൻ ഉമർ അക്മലിനെ (29) മടക്കി. അത് എന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചു.
പിന്നീടെത്തിയ ഷാഹിദ് അഫ്രീദിക്കെതിരെ യോർക്കർ ലെങ്തിൽ ഞാൻ തുടരെ പന്തുകൾ എറിഞ്ഞു. അഫ്രീദിയെ മേയാൻ വിട്ടാൽ അപകടമാണെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു അത്. മികച്ച് ബാറ്റിങ് വിക്കറ്റായിരുന്നതിനാൽ തന്നെ ഈർപ്പം വരുന്നതോടെ ബൗളിങ് ദുഷ്കരമായി മാറുമെന്ന അവസ്ഥയുമുണ്ടായിരുന്നു. അഫ്രീദിക്കെതിരെ ഞാൻ കൂടുതൽ കണിശതയോടെ പന്തെറിഞ്ഞു.
ക്രീസിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാതെ വരുന്നതോടെ അഫ്രീദി പിഴവ് കാണിച്ച് വിക്കറ്റ് വലിച്ചെറിയുമെന്ന പദ്ധതിയിലായിരുന്നു ഞങ്ങൾ. പ്ലാൻ വർക്കൗട്ടായി. അഫ്രീദിയുടെ വിക്കറ്റായിരുന്നു ഏറ്റവും അധികം സംതൃപ്തി തന്നത്. അദ്ദേഹം കൂടുതൽ സമയം ക്രീസിൽ തുടർന്നാൽ മത്സരത്തിന്‍റെ ഗതി തന്നെ മാറിയേനെ.
ഫൈനലിൽ ശ്രീലങ്കൻ ഓപണർ തിലക്രത്ന ദിൽഷന്‍റെ വിക്കറ്റിനെ പറ്റി?
ദിൽഷൻ ഓഫ്സൈഡിൽ നന്നായി കളിക്കുമെന്ന കാര്യം അറിയാമായിരുന്നു. അതിനാൽ തന്നെ അതിൽ തന്നെ കെണി ഒരുക്കാനായിരുന്നു പ്ലാൻ. റൗണ്ട് ദ വിക്കറ്റിൽ ഓഫ് സൈഡിൽ എറിയുന്ന പന്ത് ദിൽഷൻ കട്ട് ചെയ്ത് കളിക്കുന്നത് ബൗൾഡാക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ചിന്തിച്ചത്.
ദിൽഷൻ സ്വീപ് ഷോട്ടിന് ശ്രമിച്ചാൽ എൽ.ബി.ഡബ്ല്യു ആവാനും സാധ്യതയുണ്ടായിരുന്നു. ദിൽഷൻ സ്വീപ് ഷോട്ടിനാണ് ശ്രമിച്ചത്. ഒരൽപം ബൗൺസ് ചെയ്ത പന്ത് ഗ്ലൗസിൽ ഉരസി സ്റ്റംപിൽ ചെന്ന് പതിച്ചു. വിക്കറ്റ് കീപ്പറായ ധോണിയുടെ ആഹ്ലാദം കണ്ടാണ് അത് ഔട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
2011ലും 1983ലും ലോകകപ്പ് നേടിയ ടീമുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?
1983 ലെ ടീം ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടീമാണെന്നും 2011 ൽ കളിച്ച ടീം അവരുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാണെന്നും എനിക്ക് തോന്നുന്നു. നിലവിലെ ഇന്ത്യൻ ടീം ഈ യുഗത്തിലെ ഏറ്റവും മികച്ച ടീമാണ്. ഇരു ടീമുകളും നേടിയ നേട്ടങ്ങളെ താരതമ്യം ചെയ്യുന്നത് അന്യായവും അനാദരവുമാണ്. 1983ലെ ചാമ്പ്യൻ ടീം വീണ്ടും ലോകകപ്പ് നേടാൻ ഞങ്ങളെ പ്രചോദിപ്പിച്ചു.
ഇത് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ്. ഞങ്ങളുടെ നിലവിലെ ടീമിന് ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.