സ്മൃതി മന്ഥാന ഇനി മിഥാലിയുടെ സെഞ്ച്വറി റെക്കോഡിനൊപ്പം; ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
text_fieldsബംഗളൂരു: അന്താരാഷ്ട്ര കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ഥാന. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരമെന്ന റെക്കോഡിൽ മിഥാലി രാജിനൊപ്പമെത്തി മന്ഥാന.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 120 പന്തിൽ രണ്ടു സിക്സും 18 ഫോറുമടക്കം 136 റൺസെടുത്താണ് താരം പുറത്തായത്. 27കാരിയുടെ ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറിയാണിത്. മിഥാലിയും ഏഴു സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളുമായി ഹർമൻപ്രീത് കൗറാണ് ഇരുവർക്കും പിന്നിലുള്ളത്. 39ാം ഓവറിൽ സുനെ ലൂസിന്‍റെ പന്തിൽ സിംഗ്ൾ ഓടിയാണ് താരം സെഞ്ച്വറി തികച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും മന്ഥാന സെഞ്ച്വറി നേടിയിരുന്നു.
തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന നേട്ടവും മന്ഥാന കൈവരിച്ചു. ഹർമൻപ്രീത് കൗർ കൂടി മത്സരത്തിൽ മൂന്നക്കം നേടിയതോടെ ദക്ഷിണാഫ്രിക്കൻ വനിതകൾക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ വെച്ചുനീട്ടിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് ഇന്ത്യ നേടിയത്. 88 പന്തിൽ 103 റൺസെടുത്ത നായിക ഹർമൻപ്രീത് പുറത്താകാതെ നിന്നു. മന്ദാനക്കു പുറമെ, ഷഫാലി വർമ (38 പന്തിൽ 20), ദയാലൻ ഹേമലത (41 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
13 പന്തിൽ 25 റൺസെടുത്ത് റിച്ച ഘോഷ് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ മന്ദാനയും കൗറും കൂടി 171 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. നാലാം വിക്കറ്റിൽ കാറും റിച്ച ഘോഷും ചേർന്ന് നേടിയ 54 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.