റെക്കോഡുകളിലേക്ക് ബാറ്റടിച്ച് സ്മൃതി മന്ഥാന; ഇന്ത്യൻ താരം സ്വന്തമാക്കിയത് നിരവധി നേട്ടങ്ങൾ
text_fieldsബംഗളൂരു: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിൽ പുതിയ ലോക റെക്കോഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ സെഞ്ച്വറികളടിച്ച് ഏഴ് ശതകം നേടിയ മിഥാലി രാജിന്റെ ഇന്ത്യൻ റെക്കോഡിനൊപ്പമെത്തിയ താരം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന പോരാട്ടത്തിൽ 83 പന്തിൽ 90 റൺസ് നേടിയാണ് ലോകറെക്കോഡിലേക്ക് ബാറ്റുയർത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ദ്വിരാഷ്ട്ര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിത താരമെന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്.
ആദ്യ ഏകദിനത്തിൽ 117 റൺസടിച്ച 27കാരി രണ്ടാം ഏകദിനത്തിൽ 136 റൺസ് നേടിയിരുന്നു. 343 റൺസാണ് ടൂർണമെന്റിലെ ആകെ സമ്പാദ്യം. ഒരു വിക്കറ്റും നേടിയ സ്മൃതി ടൂർണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വർഷമാദ്യം ശ്രീലങ്കക്കെതിരായ പരമ്പരയിൽ 335 റൺസടിച്ച വെസ്റ്റിൻഡീസിന്റെ ലോറ വോൾവാർട്ടിന്റെ റെക്കോഡാണ് ഇന്ത്യക്കാരി പഴങ്കഥയാക്കിയത്.
വനിത ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3500 റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാമതും സ്മൃതി എത്തി. 85 ഇന്നിങ്സുകളിൽനിന്നാണ് താരം 3500 കടന്നത്. ആസ്ട്രേലിയൻ ഇതിഹാസ താരങ്ങളായ ബെലിൻഡ ക്ലാർക്ക് (75), മേഗ് ലാനിങ് (77) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 3500 റൺസ് കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ കൂടിയാണ് സ്മൃതി. മിഥാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവർ. മിഥാലിയുടെ സമ്പാദ്യം 7805 റൺസാണെങ്കിൽ 3585 റൺസിലെത്തിയ സ്മൃതി ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.