വീണ്ടും സ്മൃതി മന്ഥാനയുടെ ബാറ്റിങ് വിരുന്ന്; ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
text_fieldsബംഗളൂരു: തുടർച്ചയായ മൂന്നാം മത്സരത്തിലും ഓപണർ സ്മൃതി മന്ഥാനയുടെ ബാറ്റിങ് വിരുന്ന് കണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അനായാസം കീഴടക്കി ഇന്ത്യൻ വനിതകൾ. അവസാന പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ ജയം പിടിച്ചാണ് പരമ്പര ഇന്ത്യ തൂത്തുവാരിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ (57 പന്തിൽ 61) മികവിൽ ഒരുക്കിയ 216 റൺസ് വിജയലക്ഷ്യം 56 പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ അടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ സെഞ്ച്വറി നേടി ഏഴ് ശതകം നേടിയ മിഥാലി രാജിന്റെ റെക്കോഡിനൊപ്പമെത്തിയ സ്മൃതി മന്ഥാനയാണ് ഇത്തവണയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. താരത്തിന് 10 റൺസകലെയാണ് തുടർച്ചയായ മൂന്നാം സെഞ്ച്വറിയും റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കാനുള്ള അവസരവും നഷ്ടമായത്. 83 പന്തിൽ 11 ഫോർ സഹിതം 90ലെത്തിയ സ്മൃതിയെ മ്ലാബയുടെ പന്തിൽ അയബോംഗ ഖാക പിടികൂടുകയായിരുന്നു.
ഷെഫാലി വർമ (25), പ്രിയ പുനിയ (28), ഹർമൻപ്രീത് കൗർ (42) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ജമീമ റോഡ്രിഗസ് (19), റിച്ച ഘോഷ് (6) എന്നിവർ പുറത്താകാതെ നിന്നു. നേരത്തെ രണ്ട് വിക്കറ്റ് വീതം നേടിയ അരുന്ധതി റെഡ്ഡിയും ദീപ്തി ശർമയും ഓരോ വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലും പൂജ വസ്ത്രകാറും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215ൽ ഒതുക്കിയത്.
ആദ്യ ഏകദിനത്തിൽ സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയുടെ (127 പന്തിൽ 117) കരുത്തിൽ ദക്ഷിണാഫ്രിക്കയെ 143 റൺസിന് തോൽപിച്ച ഇന്ത്യ രണ്ടാം ഏകദിനത്തിൽ സ്മൃതി മന്ഥാനയുടെയും (136) ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറിന്റെയും (103*) ശതകങ്ങളുടെ ബലത്തിൽ നാല് റൺസിനും ജയിച്ചുകയറിയിരുന്നു. 343 റൺസും ഒരു വിക്കറ്റും നേടിയ സ്മൃതി മന്ഥാനയാണ് ടൂർണമെന്റിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.