ഗ്രൗണ്ടിൽ വീണ്ടും പാമ്പ്; ലങ്കൻ പ്രീമിയർ ലീഗല്ല, ലങ്കൻ പാമ്പ് ലീഗെന്ന് ആരാധകർ
text_fieldsകൊളംബോ: ലങ്കൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടിൽ വീണ്ടും പാമ്പിറങ്ങി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ബി ലവ് കാൻഡിയും ജാഫ്ന കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് പാമ്പെത്തിയത്. ലങ്കൻ താരം ഇസുരു ഉദാന ഫീൽഡ് പൊസിഷനിലേക്ക് വരുമ്പോഴാണ് ഗ്രൗണ്ടിൽ പാമ്പിനെ കണ്ടത്. ഇതോടെ താരം ഭയന്ന് മാറി നിൽക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഗ്രൗണ്ടിൽനിന്ന് പുറത്തിറങ്ങിയ ശേഷം ബൗണ്ടറി ലൈനിന് സമീപവും കുറേ നേരം പാമ്പ് നിലയുറപ്പിച്ചു. ഇതോടെ കാമറാമാന്മാര്‍ കാമറക്കരികിൽനിന്ന് മാറിനിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിൽ ജാഫ്നക്കെതിരെ കാൻഡി എട്ട് റൺസിന് വിജയിച്ചു.
കഴിഞ്ഞ ആഴ്ച ഗല്ലി ടൈറ്റൻസും ദംബുല്ല ഓറയും തമ്മിലുള്ള മത്സരത്തിനിടെയും ഗ്രൗണ്ടിൽ പാമ്പിറങ്ങിയിരുന്നു. ദംബുല്ല 181 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണ് പാമ്പ് ഗ്രൗണ്ടിലെത്തിയത്. പാമ്പിനെ കണ്ട് ഗല്ലിയുടെ ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ അമ്പയർമാരോടും താരങ്ങളോടും ആംഗ്യം കാണിക്കുന്നതിന്റെയും മാച്ച് ഒഫീഷ്യലുകളിൽ ഒരാൾ പാമ്പിന് പിന്നാലെ പോകുന്നതിന്റെയും താരങ്ങൾ ചിരിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാമ്പ് ഗ്രൗണ്ട് വിട്ടശേഷമാണ് മത്സരം പുനരാരംഭിച്ചത്. രണ്ടാം തവണയും ലങ്കൻ പ്രീമിയർ ലീഗിനിടെ ഗ്രൗണ്ടിൽ പാമ്പിറങ്ങിയതോടെ ഇത് പ്രീമിയർ ലീഗല്ല, പാമ്പ് ലീഗാണെന്ന അഭിപ്രായവുമായി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.