സമിത്, പറന്നടിക്കും ദ്രാവിഡ് ബോയ്
text_fieldsബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിശ്വസ്ത മതിലായിരുന്ന രാഹുൽ ദ്രാവിഡിന്റെ കരിയർ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ടെസ്റ്റ് സ്പെഷലിസ്റ്റ് എന്നതിൽനിന്ന് ഏകദിനത്തിലേക്കും ഒടുവിൽ അതിവേഗത്തിന്റെ ട്വന്റി20യിലേക്കും സ്വയം പാകപ്പെടുത്തിയ കരിയർ. റണ്ണൊഴുക്കിന് കുറവൊന്നുമുണ്ടാകില്ലെങ്കിലും ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്റി20യിലായാലും ആ ബാറ്റിൽനിന്ന് സിക്സറുകൾ പിറക്കുക അപൂർവമായിരുന്നു. ആയാസമേതുമില്ലാതെ മനോഹരമായ കോപ്പി ബുക്ക് ശൈലിയിൽ പിറക്കുന്ന ആ സിക്സറുകൾ ആരാധകർക്ക് കുളിരായിരുന്നു. എന്നാൽ, തന്റെ കരിയറിന്റെ തുടക്കത്തിൽതന്നെ വെടിക്കെട്ട് കൊണ്ട് ക്രിക്കറ്റ് ആരാധകർക്കിടയിൽ പേരെടുത്തിരിക്കുകയാണ് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന കർണാടക പ്രീമിയർ ലീഗായ മഹാരാജ ട്രോഫിയിൽ മൈസൂരു വാരിയേഴ്സിനായാണ് 18കാരന്റെ തകർപ്പൻ പ്രകടനം. ആദ്യ രണ്ടു മത്സരങ്ങളിൽ മോശമായെങ്കിലും മൂന്നാം മത്സരത്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ നയിച്ച ഗുൽബർഗ മിസ്റ്റിക്സിനെതിരെ സമിത് പുറത്തെടുത്ത ഷോട്ടുകൾ പ്രതിഭയുടെ വരവറിയിക്കുന്നതായിരുന്നുന്നെന്നാണ് കമന്റേറ്ററുടെ കമന്റ്. ദ്രാവിഡിന്റെ ക്ലാസിക് ശൈലിയെ ഓർമിപ്പിക്കുന്ന ഇന്നിങ്സ്. സിക്സർ പായിക്കാൻ മടിയില്ലാത്ത ജൂനിയർ ദ്രാവിഡ് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ സ്റ്റേഡിയത്തിന്റെ മേൽക്കൂര തൊട്ട പടുകൂറ്റൻ സിക്സറും പായിച്ചു. മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന സമിത് മീഡിയം പേസറും മികച്ച ഫീൽഡറും കൂടിയാണ്. അച്ഛൻ ദ്രാവിഡിന്റെ ശിഷ്യനായി കളി പഠിച്ച സമിത്, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ കഴിയുന്ന താരമാണെന്നാണ് വിലയിരുത്തൽ.
ഓൾറൗണ്ട് മികവുള്ള പയ്യനെ ഐ.പി.എല്ലിന്റെ പുതിയ സീസണിനായുള്ള മെഗാ ലേലത്തിലേക്ക് പല ടീമുകളും ഇപ്പോഴേ കണ്ണുവെച്ചിട്ടുണ്ട്. ആർ.സി.ബിയാണ് ചരടുവലിയിൽ മുന്നിൽ. കർണാടക പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ മൈസൂരു വാരിയേഴ്സ് അര ലക്ഷം രൂപക്കാണ് സമിത് ദ്രാവിഡിനെ ടീമിലെടുത്തത്. കുച്ച് ബിഹാർ ട്രോഫി നേടിയ കർണാടക അണ്ടർ 19 ടീമിലംഗമായിരുന്ന താരം, ലങ്കാഷയറിനെതിരെ ഇറങ്ങിയ കർണാടക ക്രിക്കറ്റ് ബോർഡ് ഇലവനിലും അംഗമായിരുന്നു. ഈ സീസണോടെ കർണാടക സീനിയർ ടീമിലും ഇടം പിടിച്ചേക്കും. സമിതിന്റെ അനിയൻ അൻവയ് ദ്രാവിഡും കർണാടക ജൂനിയർ ടീമുകളിൽ കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.