'ജീവിതത്തിൽ ഒന്നും സ്ഥിരമല്ല'; ഗാംഗുലിയുടെ പടിയിറക്കത്തെ കുറിച്ച് ശാസ്ത്രി
text_fieldsന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൗരവ് ഗാംഗുലിയുടെ പടിയിറക്കത്തെ കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പുതിയ ബി.സി.സി.ഐ പ്രസിഡന്റായി റോജർ ബിന്നിയുടെ വരവിനെ കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. റോജർ ബിന്നി പ്രസിഡന്റായി വരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ശാസ്ത്രി പറഞ്ഞു.
1983 ലോകകപ്പിൽ തനിക്കൊപ്പം കളിക്കാൻ ബിന്നിയുമുണ്ടായിരുന്നു. ബിന്നിയുടെ നിയമനം ഒരു തുടർച്ചയാണ്. കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ ബിന്നി ഇപ്പോൾ ബി.സി.സി.ഐയിലേക്കും എത്തുന്നു. ലോകകപ്പ് ജയിച്ച ടീമിലുള്ള ഒരാൾ പ്രസിഡന്റാവുന്നത് ചരിത്രത്തിൽ ഇതാദ്യമായാണെന്നും മുംബൈ പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ ശാസ്ത്ര പറഞ്ഞു.
ഗാംഗുലിയുടെ പടിയിറക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് ജീവിതത്തിൽ ഒന്നും സ്ഥിരമല്ലെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. പ്രസിഡന്റായി രണ്ടാമതൊരു അവസരം ആർക്കും നൽകരുതെന്നാണ് തന്റെ അഭിപ്രായം. ഇങ്ങനെ ചെയ്താൽ അത് പുതിയൊരു ക്രിക്കറ്റർക്ക് അവസരം നൽകും. ഒരു സ്ഥാനവും ദീർഘകാലത്തേക്ക് കൈവശം വെക്കാനാവില്ല. ഒരു ഘട്ടം കഴിഞ്ഞാൽ നാം അതിൽ നിന്നു മാറണമെന്ന് ശാസ്ത്രി പറഞ്ഞു.
നേരത്തെ അമിത് ഷായുടെ മകൻ ജയ് ഷാ ഉൾപ്പടെയുള്ളവർക്ക് ബി.സി.സി.ഐ ഭാരവാഹിത്വത്തിൽ ഒരവസരം കൂടി നൽകിയപ്പോൾ ഗാംഗുലിയെ തഴഞ്ഞിരുന്നു. ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ പദവിവെച്ചുനീട്ടിയെന്നും അദ്ദേഹം അത് നിരസിച്ചുവെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.