'ദാദ ഒരു നായകൻ മാത്രമായിരുന്നില്ല'; മറവിയിലേക്ക് പോയ ഗാംഗുലിയുടെ ആ മനോഹര ഇന്നിങ്സ് ഓർത്തെടുക്കുന്നു
text_fieldsദാദ ,ജന്മദിനാശംസകൾ. താങ്കൾ തൊട്ടുണർത്തിയതിനേക്കാൾ ഗംഭീരമായി മറ്റൊരിന്ത്യൻ ക്യാപ്റ്റനും ഞങ്ങളുടെ വൈകാരികമണ്ഡലങ്ങളെ സ്പർശിച്ചിട്ടില്ല. മറ്റൊരു നായകനാലും ഞങ്ങളിത്രമേൽ വശീകരിക്കപ്പെട്ടിട്ടുമില്ല. ലിവ് ലോങ് ദാദ
സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന് എന്തായിരുന്നു?! അയാളെപ്പറ്റി ഓർക്കുമ്പോഴൊക്കെയും എന്തുകൊണ്ടോ അയാൾ മാറ്റിയെഴുതിയ ഒരു തലമുറയുടെ ജാതകകുറിപ്പാണ് ഓർമയിലെത്തുക. സ്റ്റാറ്റിസ്റ്റിക്സിന്റെ നരച്ച കണക്കുകളല്ല, അതിനൊക്കെയപ്പുറം അയാൾ താൻ നയിച്ച ടീമിന് സമ്മാനിച്ച നിർഭയത്വത്തിന്റെ രജതരേഖകളിലാണ് ക്രിക്കറ്റ് ചരിത്രത്തിൽ സ്വയം അടയാളപ്പെടുന്നത്. ക്യാപ്റ്റൻസിയിൽ നിന്ന് മാറി ഒരു ദാദയില്ല ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ; ദാദയിൽ നിന്ന് മാറി ഒരു ക്യാപ്റ്റൻസി ചരിത്രവുമില്ല.അത്രമേലിട കലർന്നു കിടക്കുന്നവയാണ് ആ ബംഗാളുകാരനും, അയാളുടെ നേതൃപാടവവും.
സൗരവിനെ അടയാളപ്പെടുത്താൻ ഇഷ്ടം പോലെ അഡ്ജക്ടീവുകളുണ്ട്. ഓഫ് സൈഡിലെ ദൈവമെന്ന വിളിപ്പേരു തൊട്ട്, ലോർഡ്സിലെ ആ വിഖ്യാതമായ വിജയാഹ്ലാദപ്രകടനം വരെ.ഒ രു സാധാരണ ക്രിക്കറ്റ് പ്രേമിയുടെ സിരകളെ ത്രസിപ്പിക്കുന്ന ആ അഡ്ജക്ടീവുകളിലൂടെ എത്ര തവണ കടന്നുപോയാലും അതധികമാവുകയില്ല.എങ്കിലും ഇത്തവണ സൗരവിന്റെ അധികമാരും പരാമർശിച്ചു കണ്ടിട്ടില്ലാത്ത ഒരിന്നിങ്സ് ഓർത്തെടുക്കട്ടെ. നേടിയ റൺസിലല്ല, മറ്റൊരിക്കൽ കൂടി ഈ സൗരവ് ഇന്നിംഗ്സിന്റെ മഹത്വം കുടികൊള്ളുന്നത്. മറിച്ച് ആ ഇന്നിങ്സിലൂടെ അയാൾ എതിർടീമിനും, അയാളുടെ വിമർശകർക്കും നൽകിയ സ്റ്റേറ്റ്മെന്റും അതിന്റെ ദൃഢതയുമാണ് ഈയൊരു ഇന്നിംഗ്സിനെ തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സൗരവ് ഗാംഗുലി എന്തു കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിൽ പിന്തുടർച്ചകൾക്കസാധ്യമായ ഒരു നായകസങ്കല്പത്തെ എസ്റ്റാബ്ലിഷ് ചെയ്തുവെച്ചിരിക്കുന്നത് എന്നതിന്റെ രേഖാചിത്രമാണ് എനിക്ക് ആ ഇന്നിങ്സ്.
2003 ലെ ഓസ്ട്രേലിയൻ ശരത്കാലം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിലൊന്നിനെ നേരിടാൻ ദാദയും കൂട്ടരും അവിടെയെത്തുന്നു. സ്റ്റീവ് വോയുടെ അവസാന പരമ്പര അവിസ്മരണീയമാക്കാൻ പോണ്ടിംഗും കൂട്ടരും കച്ച കെട്ടിയിറങ്ങുകയാണ്. മറുവശത്ത് ഒരു വൈറ്റ് വാഷൊഴിവാക്കിയാൽ കിട്ടുന്നതെന്തും ഇന്ത്യയ്ക്ക് ബോണസാണെന്ന് കളിവിശാരദന്മാർ മുഴുവൻ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. ഗാബയിലാണ് ആദ്യ ടെസ്റ്റ്. സന്ദർശക ടീമിനെ അവരുടെ ഏറ്റവും ദുർബലമായ സോണിലേക്ക് വിളിച്ചു വരുത്തി കിട്ടുന്ന ആദ്യസന്ദർഭത്തിൽ തന്നെ മർമ്മം നോക്കി അടിച്ചു വീഴ്ത്തി അവരുടെ മനോവീര്യം കെടുത്തുന്ന ഓസീസ് സ്ട്രാറ്റജിയുടെ ബാക്കിപത്രമായിരുന്നു ഗാബാ പിച്ച്. ജയിക്കാൻ ടീമിനെ പഠിപ്പിക്കുന്നതിനു മുമ്പ് ദാദയ്ക്ക് തോൽക്കാതിരിക്കാൻ പഠിപ്പിക്കണമായിരുന്നു. അതിനു മുമ്പുള്ള മൂന്നോ നാലോ പരമ്പരകളിൽ ആദ്യ ടെസ്റ്റ് തോറ്റശേഷം മാനസികമായി തകർന്ന് പരമ്പര അടിയറ വെക്കുന്ന ചരിത്രം അയാളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു. ഒപ്പം തന്‍റെ തന്നെ ഒട്ടും ഇംപ്രസീവല്ലാത്ത ഓസ് ശരാശരിയും അയാളെ അസ്വസ്ഥനാക്കിയിട്ടുണ്ടാവണം.
ടോസ് ജയിച്ച സ്റ്റീവ് വോ ബാറ്റിങ് തെരഞ്ഞെടുത്തു.ഇടക്കിടെ മഴ തടസ്സപ്പെടുത്തിയപ്പോൾ മൂന്നാം ദിനം 323 റൺസിൽ ഓസീസ് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു.അപ്പോഴും രണ്ടു ദിവസം കൊണ്ട് ഇന്ത്യയെ രണ്ടുവട്ടം പുറത്താക്കാമെന്ന ആത്മവിശ്വാസം തന്‍റെ ബൗളിങ് നിരയുടെ ഫോമും, ഗാബയിലെ ഡാമ്പ് പിച്ചും അയാൾക്കു നൽകിയിട്ടുണ്ടാവണം. തന്‍റെ ഒരൊറ്റ ഓവറിൽ രാഹുൽ ദ്രാവിഡിനെ ഒരു റൺസിനും, സച്ചിൻ ടെൻഡുൽക്കറെ പൂജ്യത്തിനും പുറത്താക്കിയ ജേസൺ ഗില്ലസ്പി ആ ആത്മവിശ്വാസത്തിന് അടിവരയിടുകയും ചെയ്തു. സ്കോർ 62 ന്3. ഇരുണ്ടു മൂടിക്കിടക്കുന്ന ഗാബയിലെ ആകാശത്ത് സ്റ്റീവ് വോ മറ്റൊരു ഇന്ത്യൻ കൂട്ടക്കുരുതി സ്വപ്നം കണ്ടു. എതിർ ടീമിന്റെ ക്യാപ്റ്റനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ഓസീസ് സ്ട്രാറ്റജി സൗരവിന് അപരിചിതമായിരുന്നില്ല. എന്നു മാത്രമല്ല അതിനെ അതേ രീതിയിൽ നേരിടാൻ അയാൾ സുസജ്ജനുമായിരുന്നു. നേരിട്ട മൂന്നാമത്തെ പന്ത് ഷോർട്ട് കവറിലേക്കു കളിച്ച് അയാൾ മൂന്നാമത്തെ റൺസ് പൂർത്തീകരിക്കുമ്പോൾ അപ്പുറത്ത് ആകാശ് ചോപ്ര അതേ മൂന്നു റൺസ് സ്കോർ ചെയ്യാൻ 51 പന്തുകൾ നേരിട്ടു കഴിഞ്ഞിരുന്നു.
സ്വപ്നസമാനമായ ഒരു സ്പെല്ലിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഗില്ലസ്പിയായിരുന്നു ദാദയുടെ ആദ്യ ടാർഗറ്റ്. അടിക്കുമ്പോൾ മോതിരക്കൈകൊണ്ടു തന്നെ അടിക്കുക എന്ന തത്ത്വം അയാൾ കൈക്കൊണ്ടപ്പോൾ ഗില്ലസ്പിയുടെ എണ്ണം പറഞ്ഞ ഒരു ഔട്ട്സ്വിംഗർ പോയൻറ് ബൗണ്ടറിയിലേക്ക് നിമിഷാർധവേഗത്തിൽ പറഞ്ഞയയ്ക്കപ്പെട്ടു. തൊട്ടടുത്ത ഓവറിൽ ആൻഡി ബിക്കൽ സൗരവിന്റെ റിബ് കേജ് ലക്ഷ്യം വെച്ച് തുടർച്ചയായ ആക്രമണം അഴിച്ചു വിട്ടു. പക്ഷേ സൗരവ് പതറിയില്ല. ഓഫ് സൈഡിനൊപ്പം ലെഗ് സൈഡിലും ഷോട്ടുകൾ പിറന്നു.ആദ്യ ഒമ്പത് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങിയ ഗില്ലസ്പിയുടെ അടുത്ത അഞ്ചോവറുകളിലും ദാദ ഓരോ ബൗണ്ടറിയെങ്കിലും സ്കോർ ചെയ്തു.കവർ ഡ്രൈവുകളും, ആം ജാബുകളും, ലോഫ്റ്റുകളും ആ വില്ലോയിൽ നിന്ന് നിർബാധം പ്രവഹിച്ചു.
സ്റ്റുവർട്ട് മക്ഗില്ലിനെ മിഡ് ഓഫിന് മുകളിലൂടെ പറഞ്ഞയച്ച സിക്സർ കണ്ട് കമന്ററി ബോക്സിൽ ബിൽ ലോറി ഇങ്ങനെ അതിശയിച്ചു"ഹൗ ഗുഡ് ഈസ് ദാറ്റ്?! "പ്രത്യാക്രമണത്തിന്റെ രൂക്ഷതയിൽ വിളറിപ്പോയ ഓസീസിനെ പരമ്പരയുടെ തുടക്കത്തിലേ ബാക്ക് ഫൂട്ടിലേക്ക് തള്ളിയിടുന്നത്ര 'ഗുഡ്' ആയിരുന്നു ആ ഇന്നിംഗ്സും, അതിലേറെ അത് ഡിസൈൻ ചെയ്ത ശൈലിയും. 144 റൺസുമായി ദാദ മടങ്ങുമ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിക്കഴിഞ്ഞിരുന്നു, ഓസീസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു കഴിഞ്ഞിരുന്നു.
അതിനു മുമ്പോ,അതിനു ശേഷമോ ഒരിന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനും ടൂർ ഡൗൺ അണ്ടറിൽ ഇത്രയും റൊമാൻറിക്കായ, ഇത്രയും ഡൊമിനന്റായ, ഇത്രയും ബ്രൂട്ടലായ ശൈലിയിൽ പരമ്പരയ്ക്ക് അടിത്തറയിട്ട ഒരിന്നിങ്സ് കളിച്ചിട്ടില്ല. നയിക്കുന്നത്,നയിക്കേണ്ടത് മുന്നിൽ നിന്നാണെന്ന അടിയുറച്ച ബോധ്യത്തിൽ നിന്നാണ് സൗരവ് ഗാംഗുലി തന്റെ നായകസങ്കല്പങ്ങൾക്ക് ചിന്തേരിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രീമിയറായ രണ്ട് ബാറ്റ്സ്മാന്മാർ ടീമിലുണ്ടായിട്ടും അയാളൊരിക്കലും സ്വയം ഇൻഫീരിയറായില്ല. അവരെ എങ്ങനെയാണ് ടീമിനു വേണ്ടി ഉപയോഗിക്കേണ്ടതെന്ന വ്യക്തമായ ബോധം അയാൾക്കുണ്ടായിരുന്നു. ആ ബോധ്യത്തിൽ നിന്നായിരുന്നു അയാളുടെ ഓരോ ഓൺ ഫീൽഡ് തീരുമാനവും ജനിച്ചിരുന്നത്.
ദാദ കേവലം ഒരു നായകൻ മാത്രമായിരുന്നില്ല.നിരാശയുടെ ഏറ്റവുമിരുണ്ട കാലത്തു നിന്നും അയാൾ നമ്മെ നയിച്ചത് പ്രത്യാശകളുടെ പുലരികളിലേക്കായിരുന്നു.തന്റെ കരിയറിനെത്തന്നെ, ഇതിലും വർണാഭമാകേണ്ട ആ സ്റ്റാറ്റ്സിനെത്തന്നെ അയാൾ ബലി കഴിച്ചത് നാളെകളുടെ ഒരു ടീമിനെ വാർത്തെടുക്കാനായിരുന്നു. ടീമെന്നുള്ള സങ്കല്പത്തിനപ്പുറം അയാൾ ക്രിക്കറ്റിൽ മറ്റെന്തിനെങ്കിലും പ്രാധാന്യം കൊടുത്തിരുന്നോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാൻ വീരേന്ദർ സെവാഗിന്റെ ഓപ്പണിംഗ് സ്ലോട്ട് തന്നെ ധാരാളമാണ്. ദാദ ,ജന്മദിനാശംസകൾ. താങ്കൾ തൊട്ടുണർത്തിയതിനേക്കാൾ ഗംഭീരമായി മറ്റൊരിന്ത്യൻ ക്യാപ്റ്റനും ഞങ്ങളുടെ വൈകാരികമണ്ഡലങ്ങളെ സ്പർശിച്ചിട്ടില്ല.മറ്റൊരു നായകനാലും ഞങ്ങളിത്രമേൽ വശീകരിക്കപ്പെട്ടിട്ടുമില്ല. ലിവ് ലോങ് ദാദ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.