കോഹ്ലി ഏകദിനം നിർത്തണോ? ശുഐബ് അക്തറിന് കിടിലൻ മറുപടിയുമായി ഗാംഗുലി
text_fieldsഏകദിന ലോകകപ്പിനു പിന്നാലെ സൂപ്പർബാറ്റർ വിരാട് കോഹ്ലി ഏകദിനം നിർത്തണമെന്ന് പറഞ്ഞ മുൻ പാകിസ്താൻ പേസർ ശുഐബ് അക്തറിന് കിടിലൻ മറുപടിയുമായി മുൻ ഇന്ത്യൻ താരവും ബി.സി.സി.ഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി.
ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്. ലോകകപ്പിനുശേഷം 50 ഓവർ മത്സരവും ട്വന്‍റി20യും കളിക്കുന്നത് കോഹ്ലി അവസാനിപ്പിക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഇതിഹാസ താരം സചിൻ തെണ്ടുൽക്കറിന്‍റെ പേരിലുള്ള 100 അന്താരാഷ്ട്ര സെഞ്ച്വറി നേട്ടം മറികടക്കാൻ ശ്രമിക്കണമെന്നും അക്തർ പറഞ്ഞിരുന്നു.
അക്തറിന്‍റെ വാദത്തോട് പൂർണമായും വിയോജിപ്പ് പ്രകടിപ്പിച്ച ഗാംഗുലി, വായടപ്പിക്കുന്ന മറുപടിയും കൊടുത്തിട്ടുണ്ട്. 34കാരനായ കോഹ്ലി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും കളി തുടരണമെന്ന് മുൻ ഇന്ത്യൻ നായകൻ വ്യക്തമാക്കി. ‘എന്തിന്? വിരാട് കോഹ്ലി ആഗ്രഹിക്കുന്ന ഫോർമാറ്റിലെല്ലാം കളിക്കണം. കാരണം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്’ -ഗാംഗുലി അഭിപ്രായപ്പെട്ടു.
അക്തറിന്‍റെ നിർദേശവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഗംഭീര പ്രകടനമാണ് കോഹ്ലി കാഴ്ചവെക്കുന്നത്. ട്വന്‍റി20യിൽ റൺവേട്ടക്കാരനിൽ ഒന്നാമനാണ്. 115 ട്വന്‍റി20യിൽനിന്ന് 4008 റൺസാണ് നേടിയത്. ഏകദിനത്തിലെ റൺ സമ്പാദ്യം 13,000ന് അടുത്തെത്തി. ടെസ്റ്റിൽ 8500ത്തിലധികം റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.