ഇന്ത്യൻ ക്രിക്കറ്റ് മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലെന്ന് ഗാംഗുലി; മറുപടിയുമായി മൈക്കൽ വോൺ
text_fieldsലണ്ടൻ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ നാടകീയ വിജയവുമായി ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു. നേരിയ വിജയസാധ്യത കണ്ടാൽ പിന്നെ സടകുടഞ്ഞ് എണീറ്റ് മത്സരം വരുതിയിലാക്കുന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഇന്ത്യൻ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലെന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി മത്സരശേഷം അഭിപ്രായപ്പെട്ടത്. സമീപകാലത്തെ മത്സരഫലങ്ങൾ എന്തൊക്കെ ആയാലും ഇന്ത്യൻ ടീം ഒന്നാമതല്ലെന്നാണ് മുൻ ഇംഗ്ലണ്ട് നായകനും കമേന്ററ്ററുമായ മൈക്കൽ വോണിന്‍റെ അഭിപ്രായം.
'മികച്ച പ്രകടനം...വൈദഗ്ധ്യമാണ് വ്യത്യാസം, എന്നാൽ ഏറ്റവും വലിയ വ്യത്യാസം സമ്മർദത്തെ അതിജീവിക്കാനുള്ള ശക്തിയാണ്...ഇന്ത്യൻ ക്രിക്കറ്റ് മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ്'-ഗാംഗുലി ട്വീറ്റ് ചെയ്തു. ഗാംഗുലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത വോൺ ടെസ്റ്റിൽ അങ്ങനെയാണെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ അല്ലെന്ന് എഴുതി.
ഓവൽ ടെസ്റ്റിൽ കൂട്ടായ പരിശ്രമത്തിന്‍റെ മികവിലാണ് ഇന്ത്യ ജയത്തിലേക്കെത്തിയത്. ഒരുപിടി താരങ്ങളുടെ മികച്ച പ്രകടനമാണ് അതിന് കാരണം. ബാറ്റിങ് നിര തകർന്നടിയുന്നതിനിടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്കോർ 191 ലെത്തിച്ച ശർദുൽ ഠാക്കൂർ. ഇംഗ്ലീഷ് നായകൻ ജോ റുട്ടിന്‍റെയടക്കം മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവ്. 99 റൺസ് ലീഡ് വഴങ്ങിയ വേളയിൽ രണ്ടാം ഇന്നിങ്സിൽ പക്വതയാർ സെഞ്ച്വറിയുമായി അടിത്തറ ഭദ്രമാക്കിയ രോഹിത് ശർമ. ബാറ്റുകൊണ്ട് നിർണായക സംഭാവനകൾ നൽകി ഇന്ത്യൻ സ്കോർ 466ലെത്തിച്ച ചേതേശ്വർ പുജാര, ഋഷഭ് പന്ത്, ശർദുൽ. മത്സരം സമനിലയിലേക്ക് നീക്കിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ട ജസ്പ്രീത് ബൂംറ എന്നിവർക്കെല്ലാവർക്കും ഓവൽ വിജയത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാം.
സെഞ്ച്വറി നേടിയ രോഹിത് ശർമയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കെപട്ടത്. മാഞ്ചസ്റ്ററിൽ നടക്കാൻ പോകുന്ന ടെസ്റ്റ് സമനിലയെങ്കിലും ആക്കാനായാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ നിന്ന് ടെസ്റ്റ് കിരീടവുമായി മടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.