കോഹ്ലിയോ രോഹിത്തോ അല്ല! ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരത്തെ പ്രവചിച്ച് ഗാംഗുലി
text_fieldsമുംബൈ: ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പ് ഇത്തവണ ട്വന്‍റി20 ലോകകപ്പിലൂടെ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. അഞ്ചിന് ന്യൂയോർക്കിലെ നസാവു കൗണ്ടി സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഐ.പി.എല്ലിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സൂപ്പർ താരം വിരാട് കോഹ്ലി ട്വന്‍റി20 ലോകകപ്പിലും തിളങ്ങുമെന്ന വിശ്വാസത്തിലാണ് ആരാധകർ. 15 മത്സരങ്ങളിൽനിന്ന് 741 റൺസാണ് കോഹ്ലി നേടിയത്. എന്നാൽ, ഈ മെഗാ ടൂർണമെന്‍റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തായിരിക്കും ഇന്ത്യയുടെ നിർണായക താരമാകുകയെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പറയുന്നു. പ്രത്യേക കഴിവുള്ള താരമാണ് പന്തെന്നും അദ്ദേഹത്തിന്‍റെ ബാറ്റിങ് മികച്ചതാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
‘പന്തിന്‍റെ കീപ്പിങ് മികച്ചതാണ്. ബാറ്റിങ് വളരെ സവിശേഷവും. മൈതാനത്തിന്‍റെ ഏത് വലിയ കോണിലേക്കും കളിക്കാനാകും, അതാണ് അദ്ദേഹത്തിന്‍റെ യു.എസ്.പി. മറ്റു താരങ്ങൾക്കൊന്നും അത്തരത്തിൽ കളിക്കാനാകില്ല. ഇതുതന്നെയാണ് പന്തിനെ ഇന്ത്യയുടെ നിർണായക താരമാക്കുന്നത്’ -ഗാംഗുലി റെവ്സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പന്തിനെ സംബന്ധിച്ചെടുത്തോളം ഈ ട്വന്‍റി20 ലോകകപ്പ് ഏറെ പ്രത്യേകതയുള്ളതാണ്. 2022 ഡിസംബർ 30ലെ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ താരം, ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. ഐ.പി.എല്ലിൽ മികച്ച ഫോമിൽ കളിച്ച പന്ത് തന്നെയാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ. ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിലും താരം അർധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.
ഏറെ നാളത്തെ കഠിനശ്രമത്തിനുശേഷമാണ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. താരം വലിയ മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ ടോപ് സ്കോററായിരുന്നു പന്ത്. 13 മത്സരങ്ങളിൽനിന്ന് 446 റൺസാണ് താരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.