ഗില്ലോ, ജയ്സ്വാളോ അല്ല! ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഭാവി താരത്തെ പ്രവചിച്ച് ഗാംഗുലി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഈമാസം 16ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ എന്നിവരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. 21 മാസത്തെ ഇടവേളക്കുശേഷം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി. 2022 ഡിസംബറിൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. ടീം പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പന്തിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തി. എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റർ എന്ന നേട്ടമാണ് ഭാവിയിൽ 26കാരനായ പന്തിനെ കാത്തിരിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.
മിർപൂർ ടെസ്റ്റിനു പിന്നാലെയാണ് പന്ത് ഓടിച്ച കാർ അപകടത്തിൽപെടുന്നതും താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നതും. ‘ഇന്ത്യയുടെ മികച്ച ടെസ്റ്റ് താരമായാണ് പന്ത്. ടെസ്റ്റ് ടീമിലേക്കുള്ള പന്തിന്‍റെ മടങ്ങിവരിൽ അദ്ഭുതമൊന്നുമില്ല. ടെസ്റ്റിൽ ഇന്ത്യക്കായി അദ്ദേഹം കളി തുടരും’ -ഗാംഗുലി പറഞ്ഞു. ഇതുപോലെ പ്രകടനം തുടർന്നാൽ ടെസ്റ്റിലെ എക്കാലത്തെയും മികച്ച താരമാകും. എന്നാൽ, ക്രിക്കറ്റിന്‍റെ ചെറിയ ഫോർമാറ്റുകളിൽ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കഴിവ് കൊണ്ട്, ഭാവിയിൽ പന്ത് ഏറ്റവും മികച്ച ഒരു ക്രിക്കറ്ററാകുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി ഇതുവരെ 33 ടെസ്റ്റുകളിൽനിന്ന് 2,271 റൺസാണ് താരം നേടിയത്. 43.7 ആണ് ശരാശരി. അഞ്ചു സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് പന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.