'അത് സത്യമല്ല'; കോഹ്ലിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ആവശ്യപ്പെട്ടില്ലെന്ന് ഗാംഗുലി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോഹ്ലിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി ഡിസംബറിൽ വാർത്താ സമ്മേളനത്തിനിടെ കോഹ്ലി നടത്തിയ വിവാദ പരാമർശങ്ങളുടെ ചുവടുപിടിച്ചായിരുന്നു വാർത്തകൾ.
ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുമായുണ്ടായ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി കോഹ്ലി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കോഹ്ലിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ഗാംഗുലി തുനിഞ്ഞെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇടപെട്ടാണ് നടപടിയിൽ നിന്ന് ദാദയെ പിന്തിരിപ്പിച്ചതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
'വിരാട് കോഹ്ലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന റിപ്പോർട്ടുകൾ ശരിയല്ല'-ഗാംഗുലി വർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
2021 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ രണ്ട് നായകൻമാർ വേണ്ടെന്ന് സെലക്ടർമാർ തീരുമാനിച്ചതോടെ ഏകദിന ടീമിന്റെ നായക സ്ഥാനവും ഡിസംബറിൽ കോഹ്ലിക്ക് നഷ്ടപ്പെട്ടു. രോഹിത് ശർമയാണ് രണ്ടുഫോർമാറ്റിലും ഇന്ത്യയുടെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തോറ്റതിന് പിന്നാലെ കോഹ്ലി ടെസ്റ്റ് നായക സ്ഥാനവും ഒഴിഞ്ഞു. ടെസ്റ്റ് നായക സ്ഥാനം രാജിവെക്കുന്നതായി കോഹ്ലി ജയ് ഷായെ അറിയിച്ചെങ്കിലും ഗാംഗുലിയെ വിളിച്ചില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.