Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗാളിൽ ഇനി ദാദ-ദീദി...

ബംഗാളിൽ ഇനി ദാദ-ദീദി പോരാട്ടമോ? സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്​തം

text_fields
bookmark_border
‘Sourav Ganguli
cancel
camera_alt

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ നായകനുമായ സൗരവ്​ ഗാംഗുലി സന്ദർശിച്ചപ്പോൾ

കൊൽക്കത്ത: നാല്​ മാസങ്ങൾക്ക്​ ശേഷം നടക്കുന്ന പശ്​ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്​ ദാദ-ദീദി പോരാട്ടമാകുമോ എന്ന കാത്തിരിപ്പിലാണ്​ രാഷ്​ട്രീയ നിരീക്ഷകർ. തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ നായകനുമായ സൗരവ്​ ഗാംഗുലി ബി.ജെ.പിയിലേക്ക്​ ചേക്കേറ​ുമെന്ന അഭ്യൂഹം ശക്​തമായിട്ടുണ്ട്​. സൗരവിനെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി ഉയർത്തിക്കാട്ടുമെന്ന സൂചനയാണ്​ ബംഗാളിലെ ബി.ജെ.പി വൃത്തങ്ങൾ നൽകുന്നത്​​. 'ദാദ' എന്ന വിളിപ്പേരിൽ കളിക്കളം വാണരുളിയ സൗരവും ബംഗാളികളുടെ 'ദീദി'യായി രാഷ്​ട്രീയക്കളത്തിൽ നിറഞ്ഞുനിൽക്കുന്ന മമത ബാനർജിയും തമ്മിലുള്ള പോരാട്ടമാകുമോ ബംഗാളിൽ നടക്കുകയെന്നാണ്​ രാഷ്​ട്രീയ തൽപരരും ​ക്രിക്കറ്റ്​ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്നത്​.

കഴിഞ്ഞ ദിവസം ഗാംഗുലി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്​ഭവനിലെത്തി സന്ദർശിച്ചതിനെ തുടർന്നാണ്​ അദ്ദേഹം ബി.ജെ.പിയിലേക്ക്​ എന്ന അഭ്യൂഹം വീണ്ടും ശക്​തമായത്​. ഈ അഭ്യൂഹത്തിന്​ വർഷങ്ങളുടെ പഴക്കവുമുണ്ട്​. ബി.ജെ.പി നേതാക്കളുമായി ഗാംഗുലി എപ്പോൾ കൂടിക്കാഴ്ച നടത്തിയാലും പരക്കുന്ന പ്രചാരണമാണിത്​. ബി.ജെ.പി പല തവണ ഗാംഗുലിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്​തിട്ടുണ്ടെങ്കിലും അദ്ദേഹമത്​ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബംഗാളിൽ 'ദാദ-ദീദി പോരാട്ടം' ബി.ജെ.പി ലക്ഷ്യമിട്ടിരുന്നെങ്കിലും അത്​ വിജയിച്ചുമില്ല.

എന്നാല്‍, നിലവിൽ പശ്ചിമബംഗാളിലെ രാഷ്​ട്രീയ സാഹചര്യങ്ങൾ കലങ്ങി മറിഞ്ഞിരിക്കുകയാണ്​. തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കൾ ബി.ജെ.പിയിലേക്ക്​ ഒഴുകിപ്പോകുന്നത്​ മമത ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്​. നിയമസഭ തെരഞ്ഞെടുപ്പിൽ മമതയുടെ കൈയിൽ നിന്നും ബംഗാൾ ഭരണം പിടിച്ചെടുക്കാൻ അരയും തലയും മുറക്കി ഇറങ്ങിയിരിക്കുന്നത്​ അമിത്​ ഷാ തന്നെയാണ്​. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന്​ ബി.ജെ.പി നേട്ടം കൊയ്​ത സാഹചര്യത്തിൽ ഗാംഗുലി തീരുമാനം മാറ്റിയേക്കുമോ എന്ന കാത്തിരിപ്പിലാണ്​ പാർട്ടി നേതൃത്വം.

തന്‍റെ രാജ്ഭവന്‍ സന്ദര്‍ശനത്തെ 'ഉപചാരപൂര്‍വ്വമുള്ള ക്ഷണത്തിനുള്ള മറുപടി' എന്നാണ്​ ഗാംഗുലി വിശദീകരിക്കുന്നത്​. വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നാണ്​ ഗവര്‍ണര്‍ ധന്‍കര്‍ പറഞ്ഞത്​. പക്ഷേ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗാംഗുലി തയാറായിട്ടില്ല.'ഇന്ന് വൈകുന്നേരം ബി.സി.സിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. 1864ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ചു'- എന്ന കാപ്​ഷനോടെയാണ്​ ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോ ധൻകർ ട്വിറ്ററിൽ പങ്കുവെച്ചത്​.

സൗഹൃദ സന്ദർശനമെന്നാണ്​ ഗാംഗുലി പറയുന്നതെങ്കിലും തൃണമൂൽ കോൺഗ്രസുകാർ 'ബി​.ജെ.പിയ​ുടെ സംസ്​ഥാന ഓഫിസ്​' എന്ന്​ വിമർശിക്കുന്ന രാജ്​ഭവനിൽ അദ്ദേഹം നടത്തിയ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ്​ നിരീക്ഷിക്കപ്പെടുന്നത്​. 'സംസ്​ഥാനത്തെ ഗവർണർ വിളിച്ചാൽ ഞാൻ പോകേണ്ടതുണ്ട്​. അതിനാലാണ്​ ഈ സന്ദർശനം. ഞങ്ങൾ ക്രിക്കറ്റിനെ കുറിച്ച്​ മാത്രമേ സംസാരിച്ചിട്ടുള്ളു. അദ്ദേഹം ഈഡൻ ഗാർഡൻസ്​ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. അതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്യും' -ഗവർണറെ സന്ദർശിച്ച ശേഷം ഗാംഗുലി മാധ്യമങ്ങളോട്​ പറഞ്ഞു.

ഒരു സംസ്​ഥാനത്തിന്‍റെ ഗവർണറും ആ സംസ്​ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ദേശീയ താരവും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണിതെന്നാണ്​ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്​ വിജയ്​വർഗിയ ഇതേക്കുറിച്ച്​ പ്രതികരിച്ചത്​്​. ബി.സി.സിഐ പ്രസിഡന്‍റായി നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പ്​ ഗാംഗുലി അമിത്​ ഷായെ കണ്ടപ്പോഴും അദ്ദേഹം ബി.ജെ.പിയിൽ​ ചേരുമെന്ന അഭ്യൂഹം ശക്​തമായിരുന്നു. അമിത്​ഷായുടെ ഇടപെടൽ മൂലമാണ്​ ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ്​ ആയ​െതന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബി.ജെ.പിയിൽ ചേരുമെന്ന ഉറപ്പിലല്ല താൻ ബി.സി.സി.ഐ പ്രസിഡന്‍റ്​ ആയതെന്ന്​ ഗാംഗുലി അന്നേ വ്യക്​തമാക്കിയിരുന്നു. എന്നാൽ, അമിത്​ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ്​ ഷായുമായുള്ള ഗാംഗുലിയുടെ അടുപ്പവും ദുർഗ പൂജക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ പ​ങ്കെടുത്ത ചടങ്ങിൽ ഗാംഗുലിയുടെ ഭാര്യയും പ്രമുഖ ഒഡിസ്സി നർത്തകിയുമായ ഡോണ നൃത്തപരിപാടി അവതരിപ്പിച്ചതുമൊക്കെ 'ദാദ'യുടെ ബി.ജെ.പി പ്രവേശനത്തിന്‍റെ സുചനകളായി ബംഗാളിൽ കണക്കാക്കപ്പെടുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeebengal politicstrinamoolSourav GanguliBJP
Next Story