പുസ്തക പ്രകാശന ചടങ്ങ് നടത്തിയ ശാസ്ത്രിക്കെതിരെ നടപടിയെടുക്കുമോ?; മറുപടിയുമായി ഗാംഗുലി
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ വാർത്തയായിരുന്നു. പരിശീലകൻ രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനമാണ് ഇന്ത്യൻ ക്യാമ്പിൽ കോവിഡ് പടരാൻ ഇടയാക്കിയതെന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു. നാലാം ടെസ്റ്റിന് മുമ്പ് നടത്തിയ പരിപാടിക്കായി ബി.സി.സി.ഐയിൽ നിന്ന് രവി ശാസ്ത്രി അനുമതി വാങ്ങിയിരുന്നില്ലെന്ന് അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കി. എന്നാൽ ശാസ്ത്രക്കെതിരെ നടപടിയെടുക്കില്ലെന്നാണ് ഗാംഗുലി ദ ടെലഗ്രാഫിനോട് പറഞ്ഞത്.
'നിങ്ങൾ എത്ര സമയമാണ് ഹോട്ടൽ മുറികളിൽ ഒതുങ്ങിക്കിടക്കുക? ദിവസം തോറും വീട്ടിൽ പൂട്ടിയിരിക്കാമോ? ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും തിരികെ ഹോട്ടലിലേക്ക് മടങ്ങുന്ന തരത്തിലുള്ള ജീവിതത്തിലേക്ക് പരിമിതപ്പെടുത്താനാവില്ല. ഇത് മാനുഷികമായി സാധ്യമല്ല' -ഗാംഗുലി പറഞ്ഞു.
'ഇന്ന് ഒരു ദാദഗിരി എപ്പിസോഡിന്‍റെ ഷൂട്ടിങ്ങിന് ഞാനും ഉണ്ടായിരുന്നു. അവിടെ ഏകദേശം 100 പേർ ഉണ്ടായിരുന്നു ... എല്ലാവർക്കും രണ്ടുഡോസ് വാക്സിൻ എടുത്തവരാണ്, എന്നാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. രണ്ട് ഡോസിന് ശേഷവും ആളുകൾക്ക് വൈറസ് ബാധിക്കുന്നു. ഇപ്പോൾ ജീവിതം ഇങ്ങനെയാണ്'- ഗാംഗുലി പറഞ്ഞു.
ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെയാണ് ശാസ്ത്രി കോവിഡ് ബാധിതനായത്. പിന്നാലെ സപോർടിങ് സ്റ്റാഫ് അംഗങ്ങളായ ഭരത് അരുൺ, ആർ് ശ്രീധർ, നിതിൻ പേട്ടൽ എന്നവരും പോസിറ്റീവായി. അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിന് ഒരുദിവസം മുമ്പാണ് ഫിസിയോ യോഗേഷ് പാർമർക്കും രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ഇന്ത്യ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. താരങ്ങളെല്ലാം ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവായെങ്കിലും കളത്തിലെത്താൻ വിസമ്മതിച്ചു. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഐ.സി.സിയാണ് മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.