'ടെസ്റ്റ് ക്യാപ്റ്റനാകാതെ കരിയർ അവസാനിപ്പിക്കരുതെന്ന് രോഹിത്തിനോട് ഞാൻ പറഞ്ഞു'; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
text_fieldsപെർത്ത്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മത്സരങ്ങൾ നടക്കാനിരിക്കെ രോഹിത് ശർമ്മക്ക് താൻ നൽകിയ ഉപദേശം വെളിപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് വിസമ്മതിച്ചപ്പോൾ ഉപദേശം നൽകിയത് താനാണെന്നാണ് ഗാംഗുലി വെളിപ്പെടുത്തിയത്.
2022ൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് തയാറായിരുന്നില്ല. വിരാട് കോഹ്‍ലി ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അത് ഏറ്റെടുക്കാൻ രോഹിത് തയാറായിരുന്നില്ല. എന്നാൽ, ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാതെ കരിയർ അവസാനിപ്പിക്കരുതെന്ന് താൻ രോഹിതിനെ ഉപദേശിച്ചു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് നേടിയ നേട്ടങ്ങളിൽ തനിക്ക് അദ്ഭുതമില്ലെന്നും ഗാംഗുലി പറഞ്ഞു.
പെർത്ത് ടെസ്റ്റിലെ രോഹിത്തിന്റെ പങ്കാളിത്തം സംബന്ധിച്ചും ഗാംഗുലി പ്രതികരണം നടത്തി. രോഹിത് വൈകാതെ ആസ്ട്രേലിയയിൽ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് രോഹിത്തിന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എങ്കിലും എത്രയും പെട്ടെന്ന് തന്നെ രോഹിത് ആസ്ട്രേലിയയിലേക്ക് യാത്രതിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു. രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ പെർത്ത് ടെസ്റ്റിൽ കളിക്കുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ഭാര്യ റിതിക സജദേഹിനും കഴിഞ്ഞ ദിവസം ആൺകുഞ്ഞ് പിറന്നിരുന്നു. ആസ്ട്രേലിയയുമായുള്ള പെർത്ത് ടെസ്റ്റിൽ രോഹിതിന്റെ പങ്കാളിത്തത്തെ കുറിച്ച് അനിശ്ചിതത്വമുണ്ടായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഭാര്യയുടെ പ്രസവം മുൻനിർത്തി ആസ്ട്രേലിയയുമായി നിർണായക ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ കുടുംബത്തിനോടൊപ്പം ചെലവഴിക്കാനായിരുന്നു രോഹിത് തീരുമാനിച്ചത്. ഇതോടെ ആദ്യ ടെസ്റ്റിൽ രോഹിത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നത്. പരമ്പരക്ക് മുന്നോടിയായി ആസ്ട്രേലിയക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് രോഹിത്തിന്റെ ആദ്യ ടെസ്റ്റിലെ പങ്കാളത്തത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.