ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിക്കരികെ
text_fieldsസെന്റ് ലൂസിയ: അവസാന ഓവർ വരെ ഹാരി ബ്രൂക്ക് നടത്തിയ ചെറുത്തുനിൽപ്പിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഏഴു റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പ് സെമി സാധ്യത സജീവമാക്കി. സൂപ്പർ എട്ടിൽ പ്രോട്ടീസുകാരുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
ആദ്യ ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 20 ഒാവറിൽ ആറിന് 156 റൺസിൽ അവസാനിച്ചു. 37 പന്തിൽ 53 റൺസെടുത്ത ഹാരി ബ്രൂക്കും 17 പന്തിൽ 33 റൺസെടുത്ത ലിയാം ലിവിങ്സ്റ്റണും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ തകർച്ചയോടെയാണ്. ഫിൽ സാൾട്ട് (11), ജോസ് ബട്ട്ലർ (17) , ജോണി ബെയർ സ്റ്റോ (16) മുഈൻ അലി (9) എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയതാണ് ഇംഗ്ലണ്ടിനെ കുഴക്കിയത്. കഗിസോ റബദ, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, 38 പന്തിൽ നാലു ഫോറും നാലു സിക്സും ഉൾപ്പെടെ 65 റൺസെടുത്ത ക്വിൻഡൻ ഡീകോക്കും 28 പന്തിൽ 43 റൺസെടുത്ത ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. പവർ പ്ലേയിൽ ഡികോക്ക് നൽകിയ ഗംഭീര തുടക്കം മധ്യനിരക്ക് നിലനിർത്താനായിരുന്നെങ്കിൽ കൂറ്റൻ സ്കോർ പിറക്കുമായിരുന്നു. ജോഫ്ര ആർച്ചറിന്റെ സ്പെൽ പ്രോട്ടീസ് കണക്കുകൂട്ടൽ തെറ്റിച്ചു.
ഓപണർ റീസ ഹെൻഡ്രിക്സ് 19 ഉം ഹെൻറിച്ച് ക്ലാസൻ ഒമ്പതും ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഒന്നും മാർക്കോ ജാൻസൻ റൺസൊന്നും എടുക്കാതെയും പുറത്തായി. 12 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും അഞ്ച് റൺസെടുത്ത കേശവ് മഹാരാജും പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്നും മുഈൻ അലി, ആദിൽ റാഷിദ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.