ജയിക്കാനാകാതെ പാകിസ്താൻ; ദക്ഷിണാഫ്രിക്കക്ക് ഒരു വിക്കറ്റ് ജയം
text_fieldsചെന്നൈ: തോൽവിയിൽ നിന്ന് കരകയറാനാകാതെ പാകിസ്താൻ ലോകകപ്പിലെ പുറത്തേക്കുള്ള വഴിയിൽ. നോക്കൗട്ട് റൗണ്ടിലേക്ക് ജയം നിർണായകമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ ഒരു വിക്കറ്റിനാണ് പരാജയപ്പെട്ടത്.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ 46.4 ഓവറിൽ 270 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 91 റൺസെടുത്ത എയ്ഡൻ മർക്ക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ടെംബ ബാവുമ (28), ക്വിന്റൺ ഡി കോക്ക്(24), റസി വാൻ ഡെർ ഡസൻ (21) ഡേവിഡ് മില്ലർ (29) റൺസെടുത്തു. പാക് പേസർ ഷഹീൻ ഷാ അഫ്രിദി മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ പാകിസ്താൻ നായകൻ ബാബർ അസമിന്റെയും(50) സൗദ് ഷക്കീലിന്റെയും (52) അർധസെഞ്ച്വറിയുടെ മികവിലാണ് പാക് ടീം ഭേദപ്പെട്ട സ്കോറിലെത്തിയത്. നാല് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസിയും മൂന്ന് വിക്കറ്റെടുത്ത മാർക്കോ ജാൻസനും ചേർന്നാണ് പാക് ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്.
ഓപണർമാരായ അബ്ദുള്ള ഷഫീഖിനെയും (9) ഇമാമുൽ ഹഖിനെയും (12) പുറത്താക്കി മാർക്കോ ജാൻസനാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് നൽകിയത്.
തുടർന്നെത്തിയ നായകൻ ബാബർ അസമും മുഹമ്മദ് റിസ്വാനും (31) ചേർന്ന് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. സൗദ് ഷക്കീലിന്റെ(52) അർധസെഞ്ച്വറിയും കൂട്ടിനെത്തിയപ്പോൾ ടീം സ്കോർ 200 കടന്നു. ഇഫ്ത്തിക്കാർ അഹമ്മദ് 21 ഉം ഷദാബ് ഖാൻ 43 ഉം മുഹമ്മദ് നവാസ് 24ഉം റൺസെടെത്ത് പുറത്തായി.
ആറ് മത്സരങ്ങളിൽ നിന്ന് രണ്ടു ജയം മാത്രമുള്ള പാകിസ്താൻ നാല് പോയിന്റുമായ ആറാം സ്ഥാനത്താണ്. ആറിൽ അഞ്ചും ജയിച്ച ദക്ഷിണാഫ്രിക്ക 10 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. ഒരു മത്സരം കുറച്ച് കളിച്ച ഇന്ത്യ 10 പോയിന്റുമായി രണ്ടാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.