Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും തോറ്റു;...

വീണ്ടും തോറ്റു; ഇന്ത്യയെ 'വൈറ്റ്‍വാഷ്' അടിച്ച് ദക്ഷിണാഫ്രിക്ക

text_fields
bookmark_border
south africa
cancel

കേപ്ടൗൺ: ട്വന്റി20 മത്സരം പോലെ ഉദ്വേഗജനകമായ മത്സരത്തിൽ ഇന്ത്യയെ നാലുറൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര 3-0ത്തിന് തുത്തുവാരി. ദീപക് ചഹറിന്റെ (34 പന്തിൽ 54) പോരാട്ടവീര്യത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റുചെയ്ത പ്രോട്ടിയേസ് ക്വിന്റൺ ഡികോക് (124), റാസി വാൻഡർഡസൻ (52), ഡേവിഡ് മില്ലർ (39) എന്നിവരുടെ മികവിൽ 287 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 49.2 ഓവറിൽ 283ന് അവസാനിച്ചു. ചഹറിന് പുറമേ ശിഖർ ധവാൻ (61), വിരാട് കോഹ്ലി (65), സൂര്യകുമാർ യാദവ് (39), ശ്രേയസ് അയ്യർ (26) എന്നിവർ ഇന്ത്യക്കായി തിളങ്ങി.

തരക്കേടില്ലാത്ത സ്കോർ പിന്തുടർന്ന ഇന്ത്യക്ക് നായകൻ കെ.എൽ രാഹുലിനെ (9) വേഗം നഷ്ടമായി. ലുൻഗി എൻഗിഡിയുടെ പന്തിൽ മലാന് ക്യാച് നൽകി രാഹുൽ തിരികെ നടന്നു. രണ്ടാം വിക്കറ്റിൽ 98 റൺസ് ചേർത്ത് കോഹ്ലിയും ധവാനും ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാൽ ധവാനെ വിക്കറ്റിന് പിന്നിൽ ഡികോക്കിന്റെ ഗ്ലൗസിലെത്തിച്ച് പെഹ്ലുക്വായോ കൂട്ടുകെട്ട് വേർപിരിച്ചു. അതേ ഓവറിലെ അവസാന പന്തിൽ ഋഷഭ് പന്ത് ഡക്കായി മടങ്ങി. ശേഷം ശ്രേയസ് അയ്യറിനെ കൂട്ടുപിടിച്ച് കോഹ്ലി രക്ഷാപ്രവർത്തനം തുടങ്ങി. ഫിഫ്റ്റി തികച്ചതിന് പിന്നാലെ കേശവ് മഹാരാജയുടെ പന്തിൽ തെംബ ബവുമക്ക് പിടികൊടുത്ത് കോഹ്ലി മടങ്ങി.

ചഹറിന്റെ ബാറ്റിങ്

ശേഷം ഒത്തുചേർന്ന യുവതാരങ്ങളായ ശ്രേയസും സൂര്യകുമാർ യാദവും മികച്ച സ്ട്രൈക്ക് റേറ്റിൽ സ്കോർ ഉയർത്തിയെങ്കിലും സിസാന്ദ മഗളയുടെ പന്തിൽ ​ശ്രേയസ് (26) വീണു. 32 പന്തിൽ 39 റൺസ് ചേർത്ത സൂര്യകുമാർ കൂടി വീണതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചതായി ആരാധകർക്ക് തോന്നി. ജയന്ത് യാദവും (2) എളുപ്പം മടങ്ങി.

അവസാന ഓവറുകളിൽ ദീപക് ചഹർ ആളിക്കത്തി. ഡ്വൈൻ പ്രിറ്റോറിയസ് എറിഞ്ഞ 44ാം ഓവറിൽ രണ്ട് സിക്സ് അടക്കം 16 റൺസ് ചഹർ വാരി. അവസാന ഓവറുകളിൽ ബൂംറയെ സാക്ഷിയാക്കി ആഞ്ഞടിച്ച ചഹർ ഇന്ത്യയെ വിജയതീരത്തിനടുത്ത് എത്തിച്ചാണ് പുറത്തായത്. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ചഹറിന്റെ മിന്നുന്ന ഇന്നിങ്സ്. എന്നാൽ ബൂംറയെയും (12) ചഹലിനെയും (2) പുറത്താക്കി പ്രോട്ടിയേസ് ഇന്ത്യൻ പ്രതീക്ഷകൾ ചാരമാക്കി. ദക്ഷിണാഫ്രിക്കക്കായി എൻഗിഡിയും പെഹ്ലുക്വായോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സെഞ്ച്വറിയുമായി ഡികോക്ക്

ടോസ് നേടിയ രാഹുൽ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ യാനെമൻ മലാനെ (1) പുറത്താക്കി ദീപക് ചഹർ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. സ്കോർ 34 റൺസിലെത്തി നിൽക്കേ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവുമയെ (8) ഇന്ത്യൻ നായകൻ കെ.എൽ. രാഹുൽ ഡയരക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി. 15 റൺസെടുത്ത എയ്ഡൻ മർക്രത്തിനെ മടക്കി ചഹർ ആതലിഥേയരെ സമ്മർദത്തിലാക്കി. സ്കോർ അപ്പോൾ 70ന് മൂന്ന്.


നാലാം വിക്കറ്റിൽ ഡികോക്കും വാൻ ഡർഡസനും ചേർന്ന് പടുത്തുയർത്തിയ 144 റൺസ് കൂട്ടുകെട്ടാണ് ആതിഥേയരെ വൻതകർച്ചയിൽ നിന്ന് കരകയറ്റിയത്. സെഞ്ച്വറി തികച്ച് കുതിക്കുകയായിരുന്ന ഡികോക്കിനെ ധവാന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബൂംറയാണ് ഇന്ത്യക്ക് ബ്രേക്ക്ര്തൂ നൽകിയത്. അർധസെഞ്ച്വറി തികച്ചയുടൻ വാൻഡർ ഡസനെ ചഹൽ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി. പിന്നാലെ വന്നവരിൽ ഡേവിഡ് മില്ലറും (39) ഡ്വൈൻ ​പ്രിറ്റോറിയസും (20) മാത്രമാണ് രണ്ടക്കം കടന്നത്. കേശവ് മഹാരാജ് (6), സിസാന്ദ മംഗല (0), ലുൻഗി എൻഗിഡി (0) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. ദീപക് ചഹറും ജസ്പ്രീത് ബൂംറയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. യൂസ്വേ​ന്ദ്ര ചഹൽ ഒരുവിക്കറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs south africaIndia vs SA
News Summary - South Africa complete a 3-0 ODI series sweep against india
Next Story