പന്തിനും രാഹുലിനും അർധസെഞ്ച്വറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ
text_fieldsപാൽ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് 288 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഋഷഭ് പന്തിന്റെയും (71 പന്തിൽ 85) നായകൻ കെ.എൽ. രാഹുലിന്റെയും (55) അർധസെഞ്ച്വറി മികവിൽ 50 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. അവസാന ഓവറുകളിൽ മിന്നുന്ന രീതിയിൽ ബാറ്റുവീശിയ ശർദുൽ ഠാക്കൂറും (40 നോട്ടൗട്ട്) ആർ. അശ്വിനും (25 നോട്ടൗട്ട്) ചേർന്നാണ് ടീമിനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ കെ.എൽ. രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി. അതേ സമയം മാർകോ ജാൻസേന് പകരം സിസാന്ദ മംഗള ദക്ഷിണാഫ്രിക്കൻ ഇലവനിൽ സ്ഥാനം പിടിച്ചു.
പാഡുകെട്ടിയിറങ്ങിയ ഇന്ത്യക്കായി ഓപണർമാർ തരക്കേടില്ലാത്ത തുടക്കം നൽകി. ഓപണർമാർ 8.2 ഓവറിൽ സ്കോർ 50 കടത്തി. എന്നാൽ 11.4 ഓവറിൽ സ്കോർ 63ൽ എത്തി നിൽക്കേ ശിഖർ ധവാനെ പുറത്താക്കി എയ്ഡൻ മാർക്രം ആതിഥേയർക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. അഞ്ച് പന്ത് നേരിട്ട മുൻ നായകൻ വിരാട് കോഹ്ലി പൂജ്യനായി മടങ്ങിയത് ഇന്ത്യക്ക് ഇരട്ട പ്രഹരമായി.
ശേഷം മൂന്നാം വിക്കറ്റിൽ രാഹുലും പന്തും ചേർന്ന് നേടിയ 115 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് നട്ടെല്ലായത്. ശ്രേയസ് അയ്യരും (11) വെങ്കിടേഷ് അയ്യരുമാണ് (22) പുറത്തായ മറ്റ് രണ്ട് ബാറ്റ്സ്മാൻമാർ. അശ്വിനും ശർദുലും ചേർന്ന് 48 റൺസാണ് സ്കോർബോർഡിൽ ചേർത്തത്.
ദക്ഷിണാഫ്രിക്കക്കായി തബ്രീസ് ഷംസി രണ്ടുവിക്കറ്റ് വീഴ്ത്തി. മാർക്രം, മഗല, കേശവ് മഹാരാജ്, ആൻഡിലെ പെഹ്ലുക്വായോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.