ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയുടെ സാധ്യത തുലാസിൽ...
text_fieldsമുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ടു വിക്കറ്റിന്‍റെ ആവേശ ജയവുമായാണ് പ്രോട്ടീസ് ഫൈനൽ യോഗ്യത നേടിയത്.
ഇതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത വീണ്ടും തുലാസിലായി. ബോർഡർ ഗവാസ്കർ ട്രോഫിയിൽ അവസാനത്തെ രണ്ടു ടെസ്റ്റുകളിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നേരിട്ട് ഫൈനൽ ഉറപ്പിക്കാനാകു. നാലാം ടെസ്റ്റിൽ ഒരുദിവസം ബാക്കി നിൽക്കെ, ഓസീസിന് ഇപ്പോൾ തന്നെ 333 റൺസിന്‍റെ ലീഡും ഒരു വിക്കറ്റും കൈയിലുണ്ട്. അവസാന വിക്കറ്റും വീഴ്ത്തി ഒരു ദിവസം കൊണ്ട് ഇത്രയും വലിയ ലക്ഷ്യം ഇന്ത്യ മറികടക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം.
ദക്ഷിണാഫ്രിക്ക 66.67 ശതമാനം പോയന്‍റുമായാണ് ഫൈനലിൽ എത്തിയത്. 11 ടെസ്റ്റ് മത്സരങ്ങളിൽ ഏഴു ജയവും മൂന്നു തോൽവിയും ഒരു സമനിലയുമായാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ജയിച്ച മത്സരമാണ് പാകിസ്താൻ കൈവിട്ടത്. രണ്ടാം ടെസ്റ്റിൽ നാലാംദിനം 148 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒരുഘട്ടത്തിൽ 99 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായി തോൽവി തുറിച്ചുനോക്കിയിരുന്നു. പാകിസ്താന് ജയിക്കാൻ രണ്ടും വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 49 റൺസും
ഒമ്പതാം വിക്കറ്റിൽ മാർകോ ജാൻസണും (24 പന്തിൽ 16) കഗിസോ റബാദയും (26 പന്തിൽ 31) നടത്തിയ ചെറുത്തുനിൽപ്പാണ് പ്രോട്ടീസിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. പാകിസ്താനായി മുഹമ്മദ് അബ്ബാസ് ആറു വിക്കറ്റ് വീഴ്ത്തി. നേരത്തെ പാകിസ്താൻ ഒന്നാം ഇന്നിങ്സിൽ 211 റൺസിനും ദക്ഷിണാഫ്രിക്ക 301 റൺസിനും പുറത്തായി. പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 237 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യയുടെ ഫൈനൽ സാധ്യത
നിലവിൽ 58.89 ശതമാനം പോയന്‍റുള്ള ആസ്ട്രേലിയയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ടാമതുള്ളത്. മൂന്നാമതുള്ള ഇന്ത്യക്ക് 55.88 ശതമാനം പോയന്‍റും. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ടു ടെസ്റ്റുകൾ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നേരിട്ട് ഫൈനൽ യോഗ്യത ഉറപ്പിക്കാനാകു. ഒന്നിൽ ജയിക്കുകയും രണ്ടാമത്തേത് സമനിലയിൽ പിരിയുകയും ചെയ്താൽ ഇന്ത്യക്ക്, ശ്രീലങ്ക-ആസ്ട്രേലിയ മത്സര ഫലത്തെ ആശ്രയിക്കേണ്ടിവരും.
ഓസീസിനെതിരായ രണ്ടു ടെസ്റ്റുകളിൽ ഒന്നിൽ ശ്രീലങ്ക സമനില പിടിക്കണം. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ടു ടെസ്റ്റുകളും സമനിലയിൽ പിരിഞ്ഞാൽ, ഓസീസിനെതിരായ പരമ്പരയിൽ ലങ്ക 1-0ത്തിന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ യോഗ്യത ഉറപ്പിക്കാനാകു. ടെസ്റ്റ് പരമ്പര തോറ്റാൽ ഓസീസ് നേരിട്ട് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.