കരുത്തർ നേർക്കുനേർ
text_fieldsകൊൽക്കത്ത: ലോകകപ്പുകളിലെ ദൗർഭാഗ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കക്ക് കഴിയുമോ? അഞ്ച് തവണ ജേതാക്കളായ ആസ്ട്രേലിയക്കെതിരെ ഏകദിന ലോകകപ്പ് സെമിയിൽ ഈഡൻ ഗാർഡനസിൽ ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടുമ്പോൾ പുതുചരിത്രം പിറക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. കരുത്തുകാട്ടിയ ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്ക പക്ഷേ രണ്ട് മത്സരങ്ങളിൽ തീർത്തും ദയനീയമായാണ് കളിച്ചത്. ഇന്ത്യക്കെതിരെ 85 റൺസിന് പുറത്തായ ടെംബ ബാവുമയും സംഘവും ദുർബലരായ നെതർലൻഡ്സിനോട് അവിശ്വസനീയമായ തോൽവിയും നേരിട്ടു. ആദ്യ ആറ് ബാറ്റർമാരിൽ നാല് പേരും സെഞ്ച്വറി നേടിയിട്ടുണ്ട്. 591 റൺസുമായി ഓപണർ ക്വിന്റൺ ഡികോക് തകർപ്പൻ ഫോമിലാണ്. അവസാന ലോകകപ്പിൽ ടീമിന് കിരീടം നേടിക്കൊടുക്കുകയാണ് ഡികോക്കിന്റെ ലക്ഷ്യം. റാസി വാൻ ഡെർ ഡസൻ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവരും ബാറ്റിങ്ങിലെ കരുത്തരാണ്. ക്യാപ്റ്റൻ ബാവുമകൂടി ഫോമിലായാൽ കളിയുടെ ഗതി വീണ്ടും മാറും.
ലുങ്കി എൻഗിഡിയും മാർക്കോ ജാൻസനുമാകും ന്യൂ ബാൾ ബൗളർമാർ. മധ്യ ഓവറുകളിൽ ഇടങ്കയ്യൻ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തുകൾ നിർണായകമായേക്കും. തബ്റെയ്സ് ഷംസിയുടെ റിസ്റ്റ് സ്പിന്നും ഈഡനിലെ പിച്ചിന് അനുയോജ്യമാണ്. ഗ്രൂപ് ഘട്ടത്തിൽ റൺസ് പിന്തുടർന്ന രണ്ട് മത്സരങ്ങൾ തോറ്റ ദക്ഷിണാഫ്രിക്ക, ടോസ് നേടിയാൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തേക്കും.
ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് തുടങ്ങിയ ആസ്ട്രേലിയ നിലവിൽ അത്യുജ്ജ്വല ഫോമിലാണ്. അഫ്ഗാനിസ്താനെതിരെ ഏഴിന് 91ലേക്ക് തകർന്ന ശേഷം ഗ്ലെൻ മാക്സ്വെല്ലിന്റെ 201 റൺസ് പ്രകടനത്തോടെയുള്ള ജയം ടീമിന് നൽകിയ ഊർജം ചെറുതല്ല. പേശീവലിവ് കാരണം അവസാന ഗ്രൂപ് മത്സരം കളിക്കാതിരുന്ന മാക്സ്വെൽ ഇന്ന് തിരിച്ചെത്തും. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരിലാണ് ബാറ്റിങ് പ്രതീക്ഷ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിങ്ങിൽ സ്പിന്നർ ആദം സാംപക്ക് ഇന്ന് തിളങ്ങാൻ അവസരമുള്ള പിച്ചാണ്. ഉച്ചക്ക് രണ്ടിനാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.