നാല് വർഷംകൊണ്ട് ആകെ കളിച്ചത് നാല് മത്സരങ്ങൾ; ഹെൻറിച്ച് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി
text_fieldsജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്ററായ ക്ലാസൻ 2019 ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വെറും നാല് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ ക്വിൻറൺ ഡികോക്കിന്റെ സാന്നിധ്യമാണ് ക്ലാസന്റെ ടെസ്റ്റിലേക്കുള്ള വഴി തടഞ്ഞത്. എന്നാൽ ഡികോക്ക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലാസൻ ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ചു. അതേസമയം, വൈറ്റ്ബാൾ ക്രിക്കറ്റിൽ കളി തുടരാനാണ് 32കാരന്റെ തീരുമാനം. ഇന്ത്യക്കെതിരെ നടന്ന ദക്ഷിണാഫ്രിക്കയുടെ അവസാന ടെസ്റ്റ് പരമ്പരയിലും ക്ലാസന് ഇടം നേടാനായില്ല. 2023 മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
'ഉറക്കം നഷ്ടമായ കുറച്ച് ദിവസങ്ങളിലെ ആലോചനകള്‍ക്ക് ശേഷം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനിച്ചു. റെഡ്-ബോൾ ക്രിക്കറ്റ് എന്റെ പ്രിയപ്പെട്ട ഫോർമാറ്റായതിനാൽ ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. ടെസ്റ്റ് തൊപ്പി എനിക്കെന്നും വിലയേറിയതായിരുന്നു. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ട്. ടെസ്റ്റ് കരിയറില്‍ ഭാഗവാക്കായ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു'- ക്ലാസൻ പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ 54 മത്സരങ്ങളിൽ നിന്ന് 40.06 ശരാശരിയിൽ 1723 റൺസ് നേടിയ താരം, 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 46.09 ശരാശരിയിൽ 12 സെഞ്ച്വറികൾ ഉൾപ്പെടെ 5347 റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.