'ഹിറ്റ്മാൻ' തന്നെ; സിക്സറടിച്ച് ആരാധകന്റെ മൂക്കിന്റെ പാലം തകർത്ത് രോഹിത് ശർമ
text_fieldsബംഗളൂരു: ആരാധകർക്കിടയിൽ ഇന്ത്യൻക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ 'ഹിറ്റ്മാൻ' എന്നാണ് അറിയപ്പെടുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിൽ തന്നെയാണ് താരത്തിന് ആരാധകർ ഓമനപ്പേര് ചാർത്തി നൽകിയത്. എന്നാൽ ശരിക്കും പേര് അന്വർഥമാക്കുന്ന ഒരുഷോട്ടാണ് കഴിഞ ദിവസം രോഹിത് പുറത്തെടുത്തത്. ശ്രീങ്കക്കെതിരായ പിങ്ക് ബാൾ ടെസ്റ്റിനിടെ ഹിറ്റ്മാൻ സിക്സറടിച്ച് ആരാധകന്റെ മൂക്കിന്റെ പാലം തകർത്തു.
വിശ്വ ഫെർണാണ്ടോയുടെ പന്തിൽ രോഹിത് അടിച്ച സിക്സ് ചെന്ന് പതിച്ചത് ഡി കോർപറേറ്റ് ബോക്സിലിരുന്ന ആരാകന്റെ മൂക്കിലാണ്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം 22കാരനായ ഗൗരവ് വികാസ് പർവാറിനെ ആശുപത്രിയിൽ കൊണ്ടുപോയി. എക്സ് റേ പരിശോധനയിൽ മൂക്കിന്റെ പാലം തകർന്നതായി ഡോക്ടർമാർ അറിയിച്ചു.
ഉദ്യാന നഗരിയിൽ വാടിയ പൂക്കൾ കണക്കെ വിക്കറ്റ് കൊഴിഞ്ഞ ഒന്നാം ദിനത്തിൽ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മുൻതൂക്കം നേടിയിരുന്നു. ആദ്യദിനം 16 വിക്കറ്റുകളാണ് കൊഴിഞ്ഞത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ലങ്കൻ സ്പിന്നർമാർക്കുമുന്നിൽ പതറിയെങ്കിലും പ്രത്യാക്രമണ ഇന്നിങ്സുമായി കളംനിറഞ്ഞ ശ്രേയസ് അയ്യരുടെ (92) കരുത്തിൽ 252 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇന്ത്യൻ പേസർമാർക്ക് മുന്നിൽ മുട്ടിടിച്ച് ആറിന് 86 എന്ന നിലയിലാണ് ആദ്യ ദിനം കളിയവസാനിപ്പിച്ചത്.
മൂന്നു വിക്കറ്റുമായി ജസ് പ്രീത് ബുംറയും രണ്ടു വിക്കറ്റോടെ മുഹമ്മദ് ഷമിയും ചേർന്ന പേസാക്രമണമാണ് ലങ്കയുടെ നടുവൊടിച്ചത്. ഒരു വിക്കറ്റ് ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേലിനാണ്. 43 റൺസടിച്ച വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. നായകൻ ദിമുത് കരുണരത്നെ (4), കുശാൽ മെൻഡിസ് (2), ലാഹിരു തിരിമന്നെ (8), ധനഞ്ജയ ഡിസിൽവ (10), ചരിത് അസലങ്ക (5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. നിരോഷൻ ഡിക് വെല്ലയും (13) ലസിത് എംബുൽഡെനിയയും (0) ആണ് ക്രീസിൽ.
ഇന്ത്യൻ ബാറ്റർമാരിൽ ശ്രേയസ് മാത്രമാണ് ലങ്കൻ സ്പിന്നർമാർക്കെതിരെ നന്നായി കളിച്ചത്. 98 പന്തിൽ നാലു സിക്സും 10 ഫോറുമായി തകർത്തുകളിച്ച ശ്രേയസ് ഏറ്റവും അവസാനമാണ് പുറത്തായത്. ഋഷഭ് പന്ത് (26 പന്തിൽ 39) പതിവുശൈലിയിൽ ആക്രമിച്ചുകളിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഏറക്കാലത്തിനുശേഷമുള്ള ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്ലിയുടെ (23) മോഹം നല്ല തുടക്കത്തിനുശേഷം ഒരിക്കൽ കൂടി പൊലിഞ്ഞു.
നായകൻ രോഹിത് ശർമ (15), മായങ്ക് അഗർവാൾ (4), ഹനുമ വിഹാരി (31), രവീന്ദ്ര ജദേജ (4), രവിചന്ദ്രൻ അശ്വിൻ (13), അക്സർ പട്ടേൽ (9), മുഹമ്മദ് ഷമി (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ഇന്ത്യയുടെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാരാണ്. എംബുൽഡെനിയയും പ്രവീൺ വിക്രമസിംഗെയും മൂന്നു വീതവും ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് പേസർ സുരങ്ക ലക്മലിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.