രോഹിത് ശർമ കൂടുമാറുമോ..? പിന്തുണയുമായി സി.എസ്.കെ, ബദരീനാഥിന്റെ പോസ്റ്റും വൈറൽ
text_fieldsമുംബൈ: രോഹിത് ശർമയും മുംബൈ ഇന്ത്യൻസുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. ഹിറ്റ്മാനെ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെ സഹതാരങ്ങളിൽ ചിലരും ആരാധകരും അതൃപ്തി രേഖപ്പെടുത്തി രംഗത്തുവന്നിരുന്നു. ആരാധകരിൽ ചിലർ മുംബൈ ടീമിന്റെ തൊപ്പിയും ജഴ്സിയും കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി.
രണ്ടു സീസൺ മുമ്പ് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയ ഹാർദിക് പാണ്ഡ്യയെ വീണ്ടും ടീമിലെത്തിച്ചപ്പോൾ തന്നെ നായകനാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. നായകനാക്കിയാൽ മാത്രം ടീമിലേക്ക് മടങ്ങിവരാമെന്ന ഡിമാൻഡ് ഹാർദിക് മുന്നോട്ടുവെച്ചതായും റിപ്പോർട്ടുകളുണ്ടായി.
ഒരു ദശാബ്ദക്കാലം കൊണ്ട്, അഞ്ച് ഐ.പി.എൽ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ട്രോഫിയും മുംബൈക്ക് നേടിക്കൊടുത്താണ് രോഹിത് തൊപ്പി കൈമാറുന്നത്. 158 മത്സരങ്ങളിൽ 55.06 വിജയശതമാനത്തിൽ 87 വിജയങ്ങളിലേക്ക് എംഐയെ രോഹിത് നയിച്ചു.
അതിനിടെ, രോഹിത് ശർമയുടെ പേര് ചെന്നൈ സൂപ്പർ കിങ്സുമായി ചേർത്തുകൊണ്ടുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു. അതിന് കാരണങ്ങളുമുണ്ട്. പത്ത് വർഷം മുംബൈയെ വിജയകരമായി നയിച്ച രോഹിതിന് ആശംസകൾ നേർന്ന് ചിരവൈരികളായ ചെന്നൈ എത്തിയിരുന്നു. ‘‘2012-2023, ആവേശകരമായ വെല്ലുവിളികളുടെ ഒരു ദശാബ്ദം, വളരെ ബഹുമാനം രോഹിത്’’ - ഇങ്ങനെയായിരുന്നു സി.എസ്.കെ തങ്ങളുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) പേജില്‍ കുറിച്ചത്. കൂടാതെ രോഹിതും എം.എസ് ധോണിയും ഒരുമിച്ചുള്ള ഒരു ചിത്രവും പങ്കുവെച്ചു.
കൂടെ, മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ് എക്സിൽ പങ്കുവെച്ച ചിത്രവും രോഹിത് ശർമയുടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സി അണിഞ്ഞിരിക്കുന്ന രോഹിതിന്റെ ചിത്രമാണ് what if ? എന്ന അടിക്കുറിപ്പോടെ മുൻ സി.എസ്.കെ താരം കൂടിയായ ബദരീനാഥ് പോസ്റ്റ് ചെയ്തത്.
അതോടെ, രോഹിത് മുംബൈ വിടണമെന്നായി ആരാധകർ. ഹിറ്റ്മാന് പറ്റിയ ടീം ചെന്നൈ ആണെന്നും, അടുത്ത സീസണിൽ ധോണിക്ക് പകരം പുതിയ നായകനെ തേടുന്ന ചെന്നൈക്ക് രോഹിതിന്റെ വരവ് ഗുണമാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. ധോണിയും രോഹിതും ഒരുമിച്ച് കളിക്കുന്നത് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള കമന്റുകളുമായും ചിലരെത്തി. ആർ.സി.ബിയിലേക്ക് പോയി അവർക്ക് കന്നികിരീടം നേടിക്കൊടുക്കാനും ആവശ്യപ്പെടുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.