ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി സ്പിന്നർമാർ; ഇന്ത്യക്ക് 49 റൺസ് വിജയലക്ഷ്യം
text_fieldsഅഹ്മദാബാദ്: അക്സർ പേട്ടലും അശ്വിനും തനിസ്വരൂപം പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 81 റൺസിൽ അവസാനിച്ചു. 49 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഡിന്നറിന് പിരിയുേമ്പാൾ വിക്കറ്റൊന്നും നഷ്ടമാവാതെ 11 റൺസെടുത്തിട്ടുണ്ട്. ആറ് റൺസെടുത്ത രോഹിത് ശർമയും ഒരു റൺസെടുത്ത ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ.
34 ഓവർ കൂടി ബാക്കിയുള്ള രണ്ടാംദിനം അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആതിഥേയർ അനായാസം വിജയതീരമണിയും. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്സർ പേട്ടലും നാല് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ നട്ടെല്ല് തകർത്തത്. വാഷിങ്ടൺ സുന്ദറിനാണ് ഒരു വിക്കറ്റ്. ഇംഗ്ലണ്ട് നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ജോ റൂട്ട് (19), ബെൻസ്റ്റോക്സ് (25), ഒലീ പോപ് (12) എന്നിവരാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
നേരത്തെ ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഒന്നാം ഇനിങ്സിൽ 145 റൺസിലൊതുക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറായ 112 റൺസിനെതിരെ വൻ ലീഡ് തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നേടാനായത് 33 റൺസിന്‍റെ ലീഡ് മാത്രമായിരുന്നു.
മൂന്ന് വിക്ക്റ്റ് നഷ്ടമാക്കി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഏഴ് റൺസെടുത്ത അജിൻക്യ രഹാനെയെയാണ്. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത് ശർമയും തിരിഞ്ഞു നടന്നു. ഇരുവരെയും ജാക്ക് ലീഷ് വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു.
പിച്ച് സ്പിന്നർമാരെ തുണക്കുന്നതാണെന്ന് മനസ്സിലാക്കി പന്ത് കൈയ്യിലെടുത്ത ഇംഗ്ലീഷ് നായകൻ ജോറൂട്ടിന്‍റെ കണക്ക്കൂട്ടൽ അക്ഷരാർഥത്തിൽ ശരിയായി. ഋഷഭ് പന്ത് (1), വാഷിങ്ടൺ സുന്ദർ (0), അക്സർ പേട്ടൽ (0), ജസ്പ്രീത് ബുംറ (1) എന്നിവർ റൂട്ടിന് മുമ്പിൽ നിരായുധരായി മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന 17 റൺസെടുത്ത ആർ. അശ്വിനെയും റൂട്ട് കറക്കി വീഴ്ത്തി. 10 റൺസെടുത്ത ഇശാന്ത് ശർമ പുറത്താകാതെ നിന്നു. 100ാം ടെസ്റ്റിനിങ്ങിയ ഇശാന്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ ഏക സിക്സറിനും സ്റ്റേഡിയം സാക്ഷിയായി. രണ്ടാം ഇന്നിങ്സിൽ ജോഫ്ര ആർച്ചറിനെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ അശ്വിൻ 400 വിക്കറ്റ് തികക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.