‘ഗംഭീർ ഉപയോഗിച്ച വാക്കുകൾ അംഗീകരിക്കാൻ കഴിയില്ല’; വാക് പോരിൽ വിശദീകരണവുമായി ശ്രീശാന്ത്
text_fieldsലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തിലായിരുന്നു മലയാളി താരം എസ്. ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ വാക് പോരുണ്ടായത്. ഗുജറാത്ത് ജയന്‍റ്സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഗുജറാത്ത് താരമായ ശ്രീശാന്ത് ഇന്ത്യാ കാപിറ്റൽസ് നായകനായ ഗംഭീറിനെതിരെ പന്തെറിയവേ ഉണ്ടായ ഉരസലാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.
വാക് പോര് മുറുകിയതോടെ, സഹതാരങ്ങളും അംപയർമാരും ചേർന്നാണ് മുൻ ഇന്ത്യൻ താരങ്ങളായ ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ശ്രീശാന്ത് സംഭവം വിശദീകരിച്ച് രംഗത്തുവരികയും ചെയ്തു. ഗംഭീറിനെ ‘മിസ്റ്റർ ഫൈറ്റർ’ എന്ന് വിശേഷിപ്പിച്ച ശ്രീശാന്ത്, ഒരു കാരണവുമില്ലാതെ എല്ലാവരോടും തല്ലുകൂടുകയാണ് ഗംഭീർ ചെയ്യുന്നതെന്നും പരിഹസിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് ശ്രീശാന്ത് തന്റെ ഭാഗം വിശദീകരിച്ചത്.
“മിസ്റ്റർ ഫൈറ്ററും ഞാനും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആഗ്രഹിക്കുന്നു. സഹപ്രവർത്തകരോടെല്ലാം എപ്പോഴും വഴക്കിടുന്നയാളാണ് അദ്ദേഹം. ഒരു കാരണവുമില്ലാതെ അദ്ദേഹം പ്രകോപിതനാവും. വീരു ഭായ് (വീരേന്ദർ സെവാഗ്) അടക്കമുള്ള മുതിർന്ന കളിക്കാരെ പോലും അദ്ദേഹത്തിന് ബഹുമാനമില്ല. അതുതന്നെയാണ് ഇന്ന് സംഭവിച്ചത്. ഗംഭീർ പറയാൻ പാടില്ലാത്ത വളരെ മോശമായ ഒരു കാര്യം എന്നോട് പറഞ്ഞു. അതും ഒരു പ്രകോപനവുമില്ലാതെ”
“ഇവിടെ ഞാനൊരു തെറ്റുകാരനല്ല. പെട്ടെന്ന് തന്നെ അന്തരീക്ഷം ശാന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഗംഭീര്‍ എന്നോടു പറഞ്ഞ കാര്യം വൈകാതെ നിങ്ങള്‍ അറിയും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പറഞ്ഞ കാര്യങ്ങളും ക്രിക്കറ്റ് ഫീല്‍ഡിലോ, ജീവിതത്തിലോ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. അതിനാൽ ദയവു ചെയ്ത് നിങ്ങൾ ഇക്കാര്യത്തിൽ എന്നെ പിന്തുണക്കണം. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് ഞാനും എന്റെ കുടുംബവും. നിങ്ങളുടെയല്ലാം പിന്തുണയോടെ ഞാന്‍ ഒറ്റയ്ക്ക് അതിനെതിരെ പോരാടി. പക്ഷെ ഇപ്പോള്‍ ചില ആളുകള്‍ ഒരു കാരണവുമില്ലാതെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം പറയുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്.” -ശ്രീശാന്ത് വിഡിയോയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.