'മലയാളികൾ അവനെ എപ്പോഴും പിന്തുണക്കുന്നുണ്ട്, എന്നാൽ...', - സഞ്ജുവിന് ഉപദേശവുമായി ശ്രീശാന്ത്
text_fieldsകാര്യവട്ടത്തെ ഗ്രീൻഫീൽഡ് മൈതാനത്ത് നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഗാലറികളിൽ നിന്ന് ഉയർന്നുപൊങ്ങിയ 'വി മിസ് യൂ സഞ്ജൂ' എന്ന മുറവിളികൾ ബി.സി.സി.ഐയുടെ തലപ്പത്തുള്ളവരുടെ കാതുകളിൽ തീപടർത്തിയിട്ടുണ്ടാകണം. പാഡുകെട്ടിയ കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ അവഗണനയുടെ ക്രീസിൽ നിൽക്കേണ്ടി വന്ന സഞ്ജുവിന് സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലും ടീമിലിടം നൽകിയില്ല. എന്നാൽ, 'നിന്റെ സമയവും തെളിയും' എന്ന ആശ്വാസ വാക്കുകളുമായി എപ്പോഴും ആരാധക കൂട്ടം സഞ്ജുവിന് പിന്നാലെയുണ്ട്. ടി20 ലോകകപ്പിനും ഏഷ്യാ കപ്പിനുള്ള സ്ക്വാഡുകളിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെ എത്തിച്ച വീരനായകത്വം പോലും മലയാളി താരത്തിന് ഗുണം ചെയ്തില്ല.
എന്നാൽ, സഞ്ജുവിനോട് ഐ.പി.എല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കാൻ ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. 'താനും കേരളത്തിൽ നിന്നുള്ളയാളാണെന്നും, എല്ലാകാലത്തും സഞ്ജുവിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അതെ, ഐ.പി.എൽ വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎൽ അദ്ദേഹത്തിന് പ്രശസ്തിയും ജനപ്രീതിയും സമ്പത്തും ലോകത്തുള്ള എല്ലാം നൽകിയേക്കാം. എന്നാൽ, ഏതൊരു ക്രിക്കറ്റ് കളിക്കാരനും തന്റെ സ്റ്റേറ്റ് ടീമിന് വേണ്ടി, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വളരെ നന്നായി കളിക്കണം. സഞ്ജു ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കട്ടെ. സെഞ്ച്വറി മാത്രമല്ല, ഇരട്ട സെഞ്ച്വറിയും അടിക്കട്ടെ. വരൂ.. കേരള ടീമിന് രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കൂ! വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ വിജയിപ്പിക്കട്ടെ. അതുവഴി കേരളത്തിന്റെ ക്രിക്കറ്റ് താരങ്ങൾ ഉന്നതിയിലെത്തും," -ശ്രീശാന്ത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരെ പരാമർശിച്ചുകൊണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർ വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ ഇന്ന് നിലനിൽക്കുന്ന മത്സരത്തെക്കുറിച്ചും ശ്രീശാന്ത് സഞ്ജുവിന് മുന്നറിയിപ്പ് നൽകി.
"കേരളത്തിൽ സഞ്ജു മാത്രമാണോ ക്രിക്കറ്റ് താരമായുള്ളത്? അല്ല, സംസ്ഥാനത്ത് വേറെയും എത്രയോ പ്രതിഭകളുണ്ട്. അവരുടെ സമയം ആയിട്ടില്ല എന്നത് മാത്രമേയുള്ളൂ. സഞ്ജുവിന് ഐ.പി.എല്ലിൽ കളിക്കാൻ അവസരം ലഭിച്ചു, അദ്ദേഹം അതിന് നന്ദിയുള്ളവനായിരിക്കണം. ലോകമെമ്പാടുമുള്ള മലയാളികൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരും വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻമാരായി മറുവശത്തുണ്ട്. സഞ്ജു മാത്രമല്ല, " -ശ്രീശാന്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.