‘ഇവർ രണ്ടുപേരും പാകിസ്താനെ വിറപ്പിക്കും’; ശ്രീശാന്തിന്റെ പ്രവചനം
text_fieldsഅഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ അരങ്ങേറുന്ന ഇന്ത്യ-പാകിസ്താൻ ലോകകപ്പ് പോരിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അയൽക്കാരെ ഏഷ്യാ കപ്പിൽ തകർത്തുവിട്ടതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും, സ്വന്തം കാണികൾക്ക് മുന്നിൽ നേരിടുന്നതിന്റെ സമ്മർദ്ദം അതിജീവിക്കലാകും രോഹിതിനും സംഘത്തിനുമുള്ള പ്രധാന വെല്ലുവിളി. അതേസമയം, പാകിസ്താനെതിരായ പോരാട്ടത്തിന് മുന്നോടിയായി ചില പ്രവചനങ്ങൾ നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്. ശ്രീശാന്ത്.
പാകിസ്താനെതിരെ ഇന്ത്യയുടെ വിജയശിൽപകളാകാൻ പോകുന്ന രണ്ട് താരങ്ങളെയാണ് ശ്രീശാന്ത് പ്രവചിച്ചിരിക്കുന്നത്. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുമാകും ഇന്ത്യയുടെ ഹീറോകളെന്ന് അദ്ദേഹം സ്പോർട്സ് കീഡക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോഹ്ലി തന്റെ 48-ാം ഏകദിന സെഞ്ച്വറി പാകിസ്താനെതിരായ മത്സരത്തിൽ നേടുമെന്ന് താരം പ്രവചിച്ചു. ഓസീസിനെതിരായ മത്സരത്തിൽ ശതകത്തിന് വെറും 15 റൺസകലെ കോഹ്‍ലി പുറത്തായിരുന്നു. എന്നാൽ, പാകിസ്താനെതിരെ അത് മിസ്സാകില്ലെന്നാണ് ശ്രീയുടെ പക്ഷം.
ഇന്ത്യക്ക് മുൻനിര വിക്കറ്റുകൾ എളുപ്പം നഷ്ടമാവുകയാണെങ്കിൽ, ഹർദിക് പാണ്ഡ്യ മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുക്കുമെന്നും പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടുമെന്നും താരം അഭിപ്രായപ്പെട്ടു.
"പാകിസ്താനെതിരായ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം വിരാട് കോഹ്‌ലിയോ ഹർദിക് പാണ്ഡ്യയോ നേടും. ഇന്ത്യയുടെ പതർച്ചയോടെയുള്ള തുടക്കത്തിന് പിന്നാലെ, ഹർദിക് കുറച്ചധികം റൺസ് നേടുകയും മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. വിരാട് തന്റെ 48-ാം ഏകദിന സെഞ്ച്വറിയും അവർക്കെതിരെ കുറിക്കും -ശ്രീ പറഞ്ഞു.
മികച്ച ഫോമിലാണെങ്കിലും പാകിസ്താൻ ഇന്ത്യക്കെതിരെ വിയർക്കുമെന്ന് താരം പറഞ്ഞു. ‘‘പാകിസ്താൻ ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്. പക്ഷേ രോഹിത്, വിരാട്, കെഎൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്, ഒപ്പം ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നു, പിന്നാലെ ഹർദികും ജദേജയും വരും, ഇത്തവണ ആർക്കെങ്കിലും ലോകകപ്പ് നേടാൻ കഴിയുമെങ്കിൽ, അത് ഇന്ത്യക്ക് മാത്രമാണ്." - ശ്രീശാന്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.