ബൗളർമാർ തിളങ്ങി; ത്രില്ലർ പോരിൽ സൺറൈസേഴ്സിനെ ആറ് റൺസിന് തകർത്ത് ആർ.സി.ബി
text_fieldsചെന്നൈ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുന്നോട്ടുവെച്ച 150 റൺസെന്ന വിജയലക്ഷ്യത്തിന് ആറ് റൺസകലെ വീണ് സൺറൈസേഴ്സ് ഹൈദരാബാദ്. നായകൻ ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അവർ കൂടാരം കയറിയതോടെ ടീം പാടെ തകരുകയായിരുന്നു. സ്കോർ: ആർ.സി.ബി - 149/8 (20 ഓവർ), എസ്.ആർ.എച്ച് - 143/9(20 ഒാവർ).
ബാംഗ്ലൂർ ബൗളർമാരുടെ കണിശതയോടെയുള്ള പന്തേറാണ് എസ്.ആർ.എച്ചിന് വിനയായത്. ഷഹബാസ് അഹമദ് രണ്ട് ഓവറുകളിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജും ഹർഷൽ പേട്ടലും നാലോവറുകളിൽ 25 റൺസ് വഴങ്ങി രണ്ട് വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്.
16ആം ഓവർ വരെ കളി ഹൈദരാബാദിന്‍റെ കൈയ്യിലായിരുന്നു. രണ്ടു വിക്കറ്റിന് 115 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു എസ്.ആർ.എച്ച് അപ്പോൾ. എന്നാല്‍ ഷഹബാസിന്‍റെ ഓവറില്‍ ബെയര്‍സ്‌റ്റോ, പാണ്ഡെ, സമദ് എന്നിവര്‍ തുടരെ പുറത്തായതോടെ ടീം പതറാൻ തുടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ശങ്കറും കൂടാരം കയറി. 19ആം ഓവറിൽ ഹോൾഡറും 20 ആം ഓവറിൽ റാഷിദ്, നദീം എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്‍റെ തോൽവി സമ്പൂർണ്ണമായി.
ഓപണർ വൃദ്ധിമാൻ സാഹ ഒരു റൺസെടുത്ത് മടങ്ങിയെങ്കിലും, നായകൻ ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ചേർന്നാണ് സൺറൈസേഴ്സിന് മികച്ച തുടക്കം നൽകിയത്. വാർണർ 37 പന്തിൽ 54 റൺസെടുത്തിരുന്നു. ഏഴ് ബൗണ്ടറിയും ഒരു സിക്സുമടങ്ങിയ നായകന്‍റെ ഇന്നിങ്സ് അവസാനിപ്പിച്ചത് കൈൽ ജമീസണായിരുന്നു. മനീഷ് പാണ്ഡെ 39 പന്തിൽ 38 റൺസെടുത്ത് ഷഹബാസ് അഹമദിന്‍റെ പന്തിൽ ഹർഷൽ പേട്ടലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ശേഷമെത്തിയ ആർക്കും തന്നെ എസ്.ആർ.എച്ചിന് വേണ്ടി കാര്യമായ സംഭാവന നൽകാനായില്ല. വാലറ്റത്ത് റാഷിദ് ഖാനാണ് (18) അൽപ്പമെങ്കിലും ചെറുത്തുനിന്നത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ഗ്ലെൻ മാക്സ്വെൽ വെടിക്കെട്ട് പ്രകടനമായിരുന്നു നടത്തിയത്. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 59 റൺസെടുത്ത മാക്സ്വെല്ലിന്റെ കരുത്തിൽ എട്ട് വിക്കറ്റിന് 149 റൺസാണ് ആർ.സി.ബി അടിച്ചെടുത്തത്.
ആര്‍സിബി ജഴ്‌സിയില്‍ ആദ്യത്തേതും ഐപിഎല്‍ കരിയറിലെ ഏഴാമത്തെയും ഫിഫ്റ്റി കൂടിയാണ് മാക്സ്വെൽ ഇന്ന് നേടിയത്. ആർ.സി.ബിക്ക് വേണ്ടി നായകൻ വിരാട് കോഹ്ലി 33 റൺസെടുത്തു. 29 ബോളിൽ നാല് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ടീമിലെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. മലയാളി താരം ദേവ്ദത്ത് പടിക്കൽ 11 റൺസെടുത്ത് പുറത്തായി. കഴിഞ്ഞ കളിയിലെ വെടിക്കെട്ട് താരം എബി ഡിവില്ലേഴ്സ് ഒരു റൺസ് മാത്രമാണെടുത്തത്.
മൂന്നു വിക്കറ്റുകളെടുത്ത ജാസണ്‍ ഹോള്‍ഡറാണ് എസ്ആര്‍എച്ച് ബൗളിങ് നിരയിൽ അപകടകാരിയായത്. റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.