ഏഷ്യാകപ്പ് തട്ടിയെടുത്ത് ചമാരിയും ഹർഷിതയും; ശ്രീലങ്കൻ വനിതകൾക്ക് കന്നികിരീടം ; ഇന്ത്യ വീണത് എട്ടുവിക്കറ്റിന്
text_fieldsദാംബുല്ല (ശ്രീലങ്ക): രണ്ടു വർഷം മുൻപ് കപ്പിനും ചുണ്ടിനുമിടയിൽ തട്ടിയെടുത്ത കിരീടം ഇന്ത്യയുടെ കൈകളിൽ നിന്ന് തന്നെ റാഞ്ചി ശ്രീലങ്കൻ വനിതകൾ. കലാശപ്പോരിൽ കരുത്തരായ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്താണ് ശ്രീലങ്ക കന്നി ഏഷ്യ കപ്പ് കിരീടം ചൂടിയത്. ഏഷ്യ കപ്പിൽ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ എട്ടാം കിരീടത്തിനരികെയാണ് വീണത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 18.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 41 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ ചമാരി അത്തുപ്പത്തുവും 51 പന്തിൽ പുറത്താകാതെ 69 റൺസെടുത്ത ഹർഷിത സമരവിക്രമയുമാണ് ശ്രീലങ്കക്ക് അനായായ വിജയം സമ്മാനിച്ചത്. ഓപണർ വിംഷി ഗുണരത്ന ഒരു റൺസെടുത്ത് പുറത്തായി. 16 പന്തിൽ 30 റൺസുമായി കവിത ദിൽഹാരി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ സ്മൃതി മന്ഥാനയുടെ അർധ സെഞ്ച്വറി പ്രകടനമാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
47 പന്തിൽ 60 റൺസ് നേടിയ മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ റിച്ച ഘോഷിന്‍റെ വെട്ടിക്കെട്ട് ബാറ്റിങ്ങും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. 14 പന്തിൽ ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 30 റൺസെടുത്താണ് താരം പുറത്തായത്. ജെമീമ റോഡ്രിഗസ് 16 പന്തിൽ 29 റൺസെടുത്തു. ഷഫാലി വർമ (19 പന്തിൽ 16), ഉമാ ഛേത്രി (ഏഴു പന്തിൽ ഒമ്പത്), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (11 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
അഞ്ചു റൺസുമായി പൂജ വസ്ത്രകാറും ഒരു റണ്ണുമായി രാധ യാദവും പുറത്താകാതെ നിന്നു. ലങ്കക്കായി കവിശ ദിൽഹരി രണ്ടു വിക്കറ്റും പ്രബോധനി, സചിനി നിസൻസല, ചാമരി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.