ഇന്ത്യയുടെ 48 വർഷം പഴക്കമുള്ള റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക
text_fieldsചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക. 1976ൽ കാൺപൂരിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയ റെക്കോഡാണ് ശ്രീലങ്ക പഴങ്കഥയാക്കിയത്. ഒരു ഇന്നിങ്സിൽ ഒരാൾ പോലും സെഞ്ച്വറി നേടാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമെന്ന നേട്ടമാണ് ലങ്കയെ തേടിയെത്തിയത്. 531 റൺസാണ് അവർ ആദ്യ ഇന്നിങ്സിൽ നേടിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 524 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്.
ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്സിനിറങ്ങിയ ശ്രീലങ്കക്കായി ആദ്യ ഏഴ് ബാറ്റർമാരിൽ ആറുപേരും അർധ സെഞ്ച്വറി നേടിയതോടെയാണ് സ്കോർ 500 കടന്നത്. 93 റൺസുമായി കുശാൽ മെൻഡിസ് ടോപ് സ്കോററായപ്പോൾ 92 റൺസെടുത്ത് പുറത്താകാതെനിന്ന കമിന്ദു മെൻഡിസിന് തുടർച്ചയായ മൂന്ന് ടെസ്റ്റ് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടാനുള്ള അവസരം തലനാരിഴക്കാണ് നഷ്ടമായത്. അവസാന ബാറ്ററായ അസിത ഫെർണാണ്ടോ റൺസൊന്നുമെടുക്കാതെ റണ്ണൗട്ടായതാണ് തിരിച്ചടിയായത്. കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കമിന്ദു മെൻഡിസ് ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്സുകളിലുമായി 102, 164 റൺസുകൾ വീതമാണ് നേടിയിരുന്നത്.
കുശാൽ മെൻഡിസിനും കമിന്ദു മെൻഡിസിനും പുറമെ ധനഞ്ജയ ഡിസിൽവ (70), ദിനേശ് ചണ്ഡിമൽ (59), ദിമുത് കരുണരത്നെ (86), നിഷാൻ മധുഷ്‍ക (57) എന്നിവരാണ് അർധസെഞ്ച്വറി പൂർത്തിയാക്കിയത്. ബംഗ്ലാദേശിനായി ഷാകിബുൽ ഹസൻ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒരു വിക്കറ്റിന് 55 റൺസെന്ന നിലയിലാണ്. ആദ്യ ടെസ്റ്റിൽ 328 റൺസിന് ശ്രീലങ്ക ജയം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.