ലങ്കൻ ക്രിക്കറ്റിനെ വിഴുങ്ങി 'കൂട്ടപ്പലായനം'; കടുത്ത നടപടികളുമായി അധികൃതർ
text_fieldsകൊളംബോ: സൂചന പോലും നൽകാതെ മുൻനിര താരങ്ങൾ ദേശീയ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നത് തുടർക്കഥയായതോടെ കരുതൽ നടപടികളുമായി ശ്രീലങ്കൻ അധികൃതർ. രാജ്യത്തിനു വേണ്ടി കളി നിർത്തിവെച്ച് പണമൊഴുകുന്ന ട്വന്‍റി20 ലീഗുകളിൽ മാത്രമായി കളി ചുരുക്കുന്നതാണ് അധികൃതരെ ചൊടിപ്പിച്ചത്. ദിവസങ്ങൾക്കിടെ ദനുഷ്ക ഗുണതിലക, ഭാനുക രജപക്സ എന്നീ രണ്ടു താരങ്ങളാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗുണതിലക ടെസ്റ്റ് നിർത്തിയപ്പോൾ രാജപക്സ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായി പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഉണർന്ന ലങ്കൻ ക്രിക്കറ്റ് ഇനി വിരമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മുന്നിൽ കടുത്ത നിർദേശങ്ങളാണ് വെച്ചിരിക്കുന്നത്.
വിരമിക്കുന്നതിന് മൂന്നുമാസം മുമ്പ് അറിയിപ്പ് നൽകണമെന്നാണ് ഒന്നാമത്തെ നിയമം. വിരമിച്ച് ആറുമാസം കഴിഞ്ഞാലേ വിദേശ ലീഗുകളിൽ കളിക്കാനുള്ള വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്നും നിയമമാക്കിയിട്ടുണ്ട്. ആഭ്യന്തര ലീഗിൽ മുമ്പ് 80 ശതമാനം കളികളിലും ഭാഗമായവർക്കേ തുടർന്നുള്ള കളികളിൽ ഇറങ്ങാൻ അനുവാദം ലഭിക്കൂ.
പുതിയ ഫിറ്റ്നസ് നിർദേശങ്ങൾ വില്ലനായതോടെ പലരും വിരമിക്കാനൊരുങ്ങുന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.