Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിംഹള ചരിതം ആറാം ഖണ്ഡം

സിംഹള ചരിതം ആറാം ഖണ്ഡം

text_fields
bookmark_border
സിംഹള ചരിതം ആറാം ഖണ്ഡം
cancel
camera_alt

ഏ​ഷ്യ ക​പ്പ് ജേ​താ​ക്ക​ളാ​യ ശ്രീ​ല​ങ്ക​ൻ ​ടീം ​ട്രോ​ഫി​യു​മാ​യി

ദുബൈ: ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയെ ഇളക്കിമറിച്ച് ലങ്കൻ പതാകകൾ പാറിപ്പറക്കുമ്പോൾ അങ്ങകലെ കൊളംബോ നഗരത്തിൽ പ്രക്ഷോഭത്തിന്‍റെ കനലുകൾ കെട്ടടങ്ങിയിരുന്നില്ല. വിഖ്യാതമായ പാകിസ്താൻ ബൗളിങ് നിരയെ ഭാനുക ഭണ്ഡാര രാജപക്സ എന്ന ഒറ്റയാൻ തല്ലിച്ചതക്കുമ്പോൾ അവന്‍റെ ജന്മനാടായ കൊളംബോയിൽ ലങ്കൻ പൊലീസിന്‍റെ പ്രതികാര നടപടികൾ അരങ്ങേറുകയായിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ഭരണപരമായും കായികമായും നിലയില്ലാക്കയത്തിലേക്ക് മുങ്ങിക്കൊണ്ടിരുന്ന ഒരു രാജ്യത്ത് നിന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം ദുബൈയിലെ പെരുംചൂടിൽ വൻകരയുടെ സിംഹാസനത്തിലേക്ക് നടന്നുകയറിയത്.

സിംഹളീസ് സ്പോർട്സ് ക്ലബ് മൈതാനത്ത് സ്വന്തം ജനതക്ക് മുന്നിൽ മുത്തമിടേണ്ടിയിരുന്ന കിരീടമാണ് ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മറുനാടൻ മണ്ണിൽ ഉയർത്തേണ്ടി വന്നത്. സ്വന്തം നാട് ആതിഥ്യം വഹിക്കേണ്ട ടൂർണമെന്‍റിലെ കിരീടം വെട്ടിപ്പിടിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ സിംഹള രാജ്യത്തിന്‍റെ ക്രിക്കറ്റ് പ്രതിനിധികൾ സ്നേഹത്തോടെ കുറിച്ചിട്ടു 'ഇത് നിങ്ങൾക്കുള്ളതാണ്, ഞങ്ങളുടെ നാട്ടുകാർക്ക്'.മധുഷൻ, മധുഷങ്ക, നിസങ്ക, തീക്ഷ്ണ, ഷനക, ഹസരങ്ക.. ഏഷ്യകപ്പിന് മുമ്പ് ഈ പേരുകൾ കേട്ട എത്രപേരുണ്ടാകും?. ജയസൂര്യയും ഡിസിൽവയും മുരളീധരനും സംഗക്കാരയും ചാമിന്ദ വാസുമെല്ലാം അരങ്ങുതകർത്ത ശ്രീലങ്കൻ നിരയിലെ പുതുമുറക്കാരാണിവർ. ഐ.സി.സി റാങ്കിങ്ങിന്‍റെ മുൻനിര പട്ടികയിൽ ഇവരിലാരും ഉണ്ടായിരുന്നില്ല. ഏഷ്യകപ്പിന് ഒരാഴ്ച മുമ്പായിരുന്നു ടീം പ്രഖ്യാപനം. സീനിയർ താരങ്ങളെ പരിക്ക് പിടികൂടിയപ്പോൾ യുവനിരയുമായാണ് ടീം ദുബൈയിലേക്ക് വിമാനം കയറിയത്.

അവസാന 11 മത്സരങ്ങളിൽ ഒമ്പതിലും തോറ്റായിരുന്നു വരവ്. അഫ്ഗാനിസ്താനെതിരായ ആദ്യ മത്സരത്തിൽ 105 റൺസിന് പുറത്തായതോടെ ഏഷ്യകപ്പിലും ലങ്കൻ ക്രിക്കറ്റിന്‍റെ ചരമഗീതം കുറിച്ചുവെന്ന് ലോകം കണക്കുകൂട്ടി. എന്നാൽ, പിന്നീട് കണ്ടത് മറ്റൊരു ലങ്കയെയായിരുന്നു. സിംഹളവീര്യം സടകുടഞ്ഞെഴുന്നേറ്റപ്പോൾ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും അഫ്ഗാനിസ്താനുമെല്ലാം ഇടറി വീണു. തുടർച്ചയായ ആറ് ജയങ്ങളോടെയാണ് ലങ്കൻ ടീം ഏഷ്യകപ്പുമായി മടങ്ങുന്നത്.

എതിരാളികളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി പരിശീലകൻ ക്രിസ്റ്റഫർ സിൽവർഹുഡും നായകൻ ദാസുൻ ഷനകയും നെയ്തെടുത്ത തന്ത്രങ്ങളാണ് അവർ മൈതാനത്ത് നടപ്പാക്കിയത്.ടോസ് നിർണായകമായ മൈതാനത്ത് കഴിഞ്ഞ ഐ.പി.എൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ലങ്ക പഠനത്തിന് വിധേയമാക്കിയതെന്ന് നായകൻ വെളിപ്പെടുത്തുന്നു.

കലാശപ്പോരിൽ സാഹചര്യങ്ങളെല്ലാം ലങ്കക്ക് എതിരായിരുന്നു. ആദ്യമേ ടോസ് നഷ്ടമായി, 58 റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിരക്കാർ മടങ്ങി, ഒന്നാം പന്ത് എറിഞ്ഞ് തീരും മുമ്പേ എക്സ്ട്രയായി ഒമ്പത് റൺസ് വഴങ്ങി. അങ്ങനെ പ്രതികൂല സാഹചര്യങ്ങളെയെല്ലാം ഉജ്ജ്വലമായ കളിയിലൂടെ തരണം ചെയ്താണ് ലങ്ക പാകിസ്താനെ തകർത്തത്. അച്ചടക്കമുള്ള ഫീൽഡിങ്ങിൽ ഒരു പിഴവ് പോലും വന്നില്ല.

മെയ്യനങ്ങാത്തവൻ എന്ന് മുൻ പരിശീലകൻ മിക്കി ആർതർ വിധിയെഴുതിയതിനെ തുടർന്ന് രാജിവെച്ച് പോയ രാജപക്സയാണ് തിരിച്ചുവന്ന് പാകിസ്താനെതിരെ രാജകീയ ഇന്നിങ്സ് കളിച്ചത്.പാകിസ്താന്‍റെ മുൻനിരയെ തകർത്ത പേസർ പ്രമോദ് മധുഷൻ ഞായറാഴ്ച ഇറങ്ങിയത് അവന്‍റെ കരിയറിലെ രണ്ടാം മത്സരത്തിനാണ്. പാകിസ്താന്‍റെ ദൗർബല്യങ്ങൾ മനസ്സിലാക്കി ബൗണ്ടറി ലൈനരികെ വലവിരിച്ച് കാത്തുനിന്ന ഫീൽഡർമാർക്ക് കൂടിയുള്ളതാണ് ഈ സ്വപ്നകിരീടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupSri Lanka
News Summary - Sri Lanka is winning the Asia Cup for the sixth time
Next Story