147 വർഷത്തിനിടെ ആദ്യം; ടെസ്റ്റിൽ അപൂർവ റെക്കോഡ് കുറിച്ച് കാമിന്ദു മെൻഡിസ്
text_fieldsശ്രീലങ്കൻ സൂപ്പർതാരം കാമിന്ദു മെൻഡിസ് അരങ്ങേറ്റ ടെസ്റ്റ് മുതൽ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം, രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിലും തകർപ്പൻ ഫോമിലാണ്.
അർധ സെഞ്ച്വറി നേടിയ താരം, 56 പന്തിൽ ഒരു സിക്സും എട്ടു ബൗണ്ടറിയുമടക്കം 51 റൺസെടുത്ത് ക്രീസിലുണ്ട്. 78 റൺസുമായി ആഞ്ജലോ മാത്യൂസാണ് മറുഭാഗത്ത്. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 306 റൺസുമായി ശക്തമായ നിലയിലാണ് സന്ദർശകർ. വ്യാഴാഴ്ച നേടിയ അർധ സെഞ്ച്വറി പ്രകടനത്തോടെ 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മെൻഡിസ്. കളിച്ച ആദ്യ എട്ടു ടെസ്റ്റുകളിലും അമ്പത് പ്ലസ് സ്കോർ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ലങ്കൻ താരം പേരിലാക്കിയത്. പാകിസ്താന്‍റെ സൗദ് ഷക്കീലിനെയാണ് താരം മറികടന്നത്. ആദ്യത്തെ ഏഴു ടെസ്റ്റുകളിൽ പാക് താരം 50 പ്ലസ് സ്കോർ നേടിയിരുന്നു.
മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ, ബാസിൽ ബച്ചർ, സഈദ് അഹ്മദ്, ബെർട്ട് സട്ട്ക്ലിഫ് എന്നിവരാണ് മൂന്നാമതുള്ളത്. ആദ്യത്തെ ആറു ടെസ്റ്റുകളിലാണ് ഇവർ 50 പ്ലസ് സ്കോർ നേടിയത്. രണ്ടു വർഷം മുമ്പ് ആസ്ട്രേലിയക്കെതിരെയാണ് മെൻഡിസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം അപൂർവ നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സിലും ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
കീവീസിനെതിരെ ദിനേശ് ചണ്ഡിമലിന്‍റെ സെഞ്ച്വറിയാണ് ലങ്കയെ ഒന്നാംദിനം 300 കടത്തുന്നതിൽ നിർണായകമായത്. 208 പന്തിൽ 116 റൺസെടുത്താണ് താരം പുറത്തായത്. പഥും നിസങ്ക (മൂന്നു പന്തിൽ ഒന്ന്), ദിമുത് കരുണരത്നെ (109 പന്തിൽ 46) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒന്നാം ടെസ്റ്റിൽ 63 റൺസിന് ലങ്ക ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.