ന്യൂസിലാൻഡിനെതിരെ രണ്ടാം വിജയം; പരമ്പര സ്വന്തമാക്കി ലങ്ക
text_fieldsപ്രതാപകാലത്തെ ശ്രീലങ്കയെ ഒരിക്കലുമിനി തിരിച്ചുകിട്ടില്ലെന്ന് കരുതുന്നവരെ വീണ്ടും തിരുത്തി ചിന്തിപ്പിച്ച് ശ്രീലങ്ക. ശക്തമായ മുന്നേറ്റമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മുൻ വെടിക്കെട്ട് ഓപ്പണർ സനത് ജയസൂര്യയുടെ കീഴിൽ ശ്രീലങ്ക കാഴ്ചവെക്കുന്നത്. ന്യൂസിലാൻഡിനെ രണ്ടാം മത്സരത്തിലും തോൽപ്പിച്ച് പരമ്പര നേടികൊണ്ടാണ് ലങ്ക അവരുടെ കുതിപ്പ് തുടരുന്നത്. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും വിജയിച്ച് ലങ്ക പരമ്പര തൂത്തൂവാരി.
ശ്രീലങ്ക ഒരുക്കിയ സ്പിൻ കുരുക്കിൽ മൂക്കും കുത്തി വീണ കിവികൾ ഒരു ഇന്നിങ്സിനും 154 റൺസിനുമാണ് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്സിൽ 88 റൺസിന് ഓളൗട്ടായ ന്യൂസിലാൻഡ് ഫോളോ ഓണിൽ 360 റൺസ് നേടി ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ ലങ്ക 612 റൺസ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്സിൽ ടിം സൗത്തിയും സംഘവും പൊരുതാൻ ശ്രമിച്ചുവെങ്കിലും ലങ്കൻ സ്പിന്നർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി കിവിക് പാട്ടിലാക്കി. നിഷാൻ പെയിരിസ് ആറ് വിക്കറ്റും പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കി. നായകൻ ദനഞ്ജയ ദി സിൽവയാണ് ഒരു വിക്കറ്റ് നേടിയത്. ന്യൂസിലാൻഡിനായി 99 പന്ത് നേരിട്ട് 78 റൺസ് സ്വന്തമാക്കിയ ഗ്ലെൻ ഫിലിപ്സ് പൊരുതി കളിച്ചെങ്കിലും ടീം സ്കോർ 280 റൺസിൽ നിൽക്കെ ഏഴാമതായി പുറത്തായി. മിച്ചൽ സാന്‍റ്നർ (67) ടോം ബണ്ടൽ (60) എന്നിവർ ചെറുത്ത് നിന്നു. ടോപ് ഓർഡറിൽ ഡെവൺ കോൺവെ (62 പന്തിൽ 61) കെയ്ൻ വില്യംസൺ (58 പന്തിൽ 46) എന്നിവരും മോശമല്ലാത്ത ബാറ്റിങ് കാഴ്ചവെച്ചു.
നേരത്തെ ആദ്യ ഇന്നിങ്സിൽ ലങ്കക്കായി മിന്നും പ്രകടനം കാഴ്ചവെച്ച കമിന്ദു മെൻഡിസാണ് മത്സരത്തിലെ താരം. 16 ഫോറും നാല് സിക്സറും പായിച്ചുകൊണ്ട് പുറത്താകാതെ 182 റൺസാണ് കമിന്ദു മെൻഡിസ് സ്വന്തമാക്കിയത്. ദിനേഷ് ചന്ദിമൽ (116), കുശാൽ മെൻഡിസ് (106) എന്നിവരും സെഞ്ച്വറി നേടിയിരുന്നു. ആഞ്ചെലോ മാത്യൂസ് 88 റൺസ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 602 റൺസ് സ്കോർബോർഡിൽ നിൽക്കവെയാണ് ലങ്ക ഡിക്ലയർ ചെയ്യുന്നത്. മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്സൊഴികെ ആർക്കും കിവിപ്പടയിൽ തിളങ്ങാൻ സാധിച്ചില്ല. നായകൻ സൗത്തി ഒരു വിക്കറ്റ് നേടി. രണ്ട് മത്സരത്തിൽ നിന്നും 18 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.