തീക്കാറ്റായി സ്റ്റാർക്ക്; ഇന്ത്യ 244ന് പുറത്ത്
text_fieldsഅഡ്ലെയ്ഡ്: ആസ്ട്രേലിയൻ മണ്ണിൽ ആദ്യമായി പിങ്ക് പന്തിൽ രാപ്പകൽ ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 244 റൺസിന് പുറത്തായി. നാല് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് പിഴുത കമ്മിൻസുമാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
കളിയുടെ ആദ്യ ഓവറിൽതന്നെ വിക്കറ്റ് നഷ്ടമായി തുടങ്ങിയ ഇന്ത്യ ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തിരുന്നത്. രണ്ടാം ദിനം 11 റൺസ് ചേർത്തപ്പോഴേക്കും ബാക്കി നാല് വിക്കറ്റും നഷ്ടമായി. 3.1 ഓവർ മാത്രമാണ് ആസ്ട്രേലിയൻ ബൗളർമാർക്ക് വെള്ളിയാഴ്ച എറിയേണ്ടി വന്നത്.
അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിക്കു പുറമെ, ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയുമാണ് കഴിഞ്ഞദിവസം വൻഅപകടത്തിൽനിന്ന് ഇന്ത്യയെ കരകയറ്റിയത്. പിങ്കുപന്തിൽ കളിക്കേണ്ടത് എങ്ങനെയെന്ന ആശയക്കുഴപ്പം ഇന്ത്യൻ ബാറ്റിങ്ങിൽ പ്രകടമായിരുന്നു.
സമീപകാലത്തൊന്നും ഫോമിലെത്താൻ കഴിയാതെ ഐ.പി.എല്ലിലടക്കം തപ്പിത്തടഞ്ഞ പൃഥ്വി ഷായെയാണ് മായങ്ക് അഗർവാളിനൊപ്പം ഇന്നിങ്സ് തുടങ്ങാൻ ബാറ്റുംകൊടുത്ത് പറഞ്ഞുവിട്ടത്. പിങ്കുപന്തിലെ സന്നാഹ മത്സരത്തിൽ ഓപണിങ്ങിൽ മിന്നിയ ശുഭ്മാൻ ഗില്ലിനെയും പരിചയസമ്പന്നനായ ലോകേഷ് രാഹുലിനെയും പുറത്തിരുത്തിയാണ് ഷായെ ടീമിലെടുത്തത്. പക്ഷേ, ഐ.പി.എല്ലിൽ തുടരെ കാഴ്ചവെച്ച പിഴവ് രണ്ടാം പന്തിൽതന്നെ ആവർത്തിച്ചപ്പോൾ മിച്ചൽ സ്റ്റാർക്കിെൻറ പന്ത് ഷായുടെ കുറ്റി പിഴുതുമാറ്റി. ബാറ്റിൽ തട്ടിയ പന്ത് പാഡിനും ബാറ്റിനുമിടയിലെ ഗ്യാപിലൂടെ സ്റ്റംപ് പിഴുതു മാറ്റുകയായിരുന്നു. സ്കോർ ബോർഡ് അപ്പോൾ ശൂന്യം.
അടുത്ത ഊഴം മായങ്ക് അഗർവാളിേൻറതായിരുന്നു. 19ാമത്തെ ഓവറിൽ പാറ്റ് കമ്മിൻസ് വില്ലനായി അവതരിച്ചു. കമ്മിൻസിെൻറ ഒന്നാന്തരം സ്വിങ്ങർ അഗർവാളിെൻറ ബാറ്റിനും പാഡിനുമിടയിൽ തുറന്നുകിടന്ന വിശാലതയിലൂടെ മിഡിൽ സ്റ്റംപ് പറിച്ചെറിഞ്ഞു.
രാഹുൽ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വന്മതിൽ പണിയുന്ന ജോലി ഇന്ത്യ ഏൽപ്പിച്ചിരിക്കുന്നത് ചേതേശ്വർ പുജാരയെയാണ്. ആ മെല്ലെപ്പോക്ക് ഐ.പി.എല്ലിൽ എടുക്കാച്ചരക്കാക്കിയെങ്കിലും ടെസ്റ്റിൽ പുജാരതന്നെ വിലപിടിപ്പുള്ള താരം. രണ്ടു വിക്കറ്റ് വീണ ആവേശത്തിൽ പന്തെറിഞ്ഞ ഓസീസിനെ ചെറുത്തുനിന്നത് ചേതേശ്വർ പുജാരയുടെ ക്ഷമ തന്നെയായിരുന്നു. ക്യാപ്റ്റൻ കോഹ്ലിയും അക്രമോത്സുകത വെടിഞ്ഞു ഒപ്പം നിന്നപ്പോൾ കൂടുതൽ അനിഷ്ട സംഭവങ്ങളിൽനിന്ന് ഇന്ത്യ കരകയറി തുടങ്ങിയതാണ്. അതിനിടയിൽ ലിയോണിനെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് പുജാര ഗിയർ മാറ്റിത്തുടങ്ങി.
സ്കോർ 100ൽ എത്തിയപ്പോൾ അപകടം സംഭവിച്ചു. നഥാൻ ലിയോണിനെ ക്രീസിന് പുറത്തേക്കിറങ്ങി പ്രതിരോധിക്കാൻ ശ്രമിച്ച പുജാരയുടെ പാഡിലാണോ ബാറ്റിലാണോ എന്നു സംശയിക്കുന്ന പന്ത് ലെഗ് ഗള്ളിയിൽ ലെബുഷാനെ കൈയിലൊതുക്കി. അമ്പയർ ഔട്ട് വിളിച്ചില്ലെങ്കിലും പുജാരയുടെ സന്ദേഹം ഓസീസിനെ റിവ്യുവിന് പ്രേരിപ്പിച്ചു. റീപ്ലേയിൽ ഔട്ട്. ഇന്ത്യ മൂന്നിന് 100. മൂന്നാം വിക്കറ്റിൽ 68 റൺസാണ് ഇരുവരും ചേർന്നുറപ്പിച്ചത്. അജിൻക്യ രഹാനെയിലായിരുന്നു പിന്നെ പ്രതീക്ഷ. ക്യാപ്റ്റനൊപ്പം ചേർന്ന രഹാനെയുടെ ബാറ്റിങ് കുറച്ചുകൂടി അനായാസമായിരുന്നു. ഇന്നിങ്സിലെ ഏക സിക്സർ പറത്തിയതും രഹാനെ. 76ാം ഓവറിൽ പാറ്റ് കമ്മിൻസിെൻറ ഷോർട് ബോളിലായിരുന്നു അത്.
അതിനിടയിൽ കോഹ്ലി 23ാമത്തെ അർധ സെഞ്ച്വറിയും പേരിൽ ചേർത്തു. പക്ഷേ, 77ാം ഓവറിൽ ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടി. നഥാൻ ലിയോണിെൻറ പന്ത് ഓഫ് ഡ്രൈവ് ചെയ്ത് റണ്ണിനായി ഓടിത്തുടങ്ങിയ രഹാനെ ആ നീക്കം ഉപേക്ഷിച്ച് കോഹ്ലിയെ തിരിച്ചയക്കാൻ ശ്രമിക്കുമ്പോഴേക്കും കോഹ്ലി ക്രീസിെൻറ മധ്യഭാഗത്തെത്തിയിരുന്നു. ഹേസ്ൽവുഡ് പിടിച്ചെടുത്ത പന്ത് ലിയോണിെൻറ കൈയിലേക്ക്. കോഹ്ലിക്ക് തിരികെ കയറാൻ പോലും കഴിയുന്നതിനു മുമ്പ് റണ്ണൗട്ട്. 180 പന്തിൽ 74 റൺസായിരുന്നു കോഹ്ലിയുടെ സ്കോർ.
നായകനെ വീഴ്ത്തിയതിെൻറ കുറ്റബോധം രഹാനെയുടെ ബാറ്റിങ്ങിലും കാണാമായിരുന്നു. 92 പന്തിൽ 42 റൺസെടുത്ത രഹാനെയെ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കി. റിവ്യൂവിലും ഔട്ട്. ഹനുമാ വിഹാരിക്കും അധികം ആയുസ്സുണ്ടായില്ല. 25 പന്തിൽ 16 റൺസുമായി ഹേസൽവുഡിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
ആദ്യദിനം കളിയവസാനിക്കുമ്പോൾ വിക്കറ്റ് കീപ്പൻ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ (9) രവിചന്ദ്ര അശ്വിൻ (15) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. ഇരുവരും അതേസ്കോറിൽ തന്നെ രണ്ടാംദിനത്തിൽ ആദ്യംതന്നെ പുറത്തായി. വാലറ്റക്കാരായ ഉമേഷ് യാദവ് ആറും ബുംറ നാലും (നോട്ടൗട്ട്) റൺസെടുത്തു. മുഹമ്മദ് ഷമി (0) ആണ് അവസാനം വീണ വിക്കറ്റ്. ആസ്ട്രേലിയക്കായി ഹെയ്സൽവുഡ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
Saha snicks Starc and he's gone too! #AUSvIND live: https://t.co/LGCJ7zSdrY pic.twitter.com/CMrwFE5bn9
— cricket.com.au (@cricketcomau) December 18, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.