ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കി
text_fieldsമാഞ്ചസ്റ്റർ: സപ്പോർട്ട് സ്റ്റാഫിൽ കോവിഡ് പരന്നതിനെ തുടർന്ന് ഇന്ത്യ കളത്തിലിറങ്ങാൻ തയാറാവാതിരുന്നതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിച്ചു. കളിക്കാരുടെ ആർ.ടി.പി.സി.ആർ ഫലം നെഗറ്റിവായതോടെ കളി നടന്നേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും മത്സരം തുടങ്ങുന്നതിനുമുമ്പ് പിന്മാറുകയാണെന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ അറിയിക്കുകയായിരുന്നു.
ആദ്യം ഇന്ത്യ മത്സരം അടിയറ വെച്ചതായി പ്രഖ്യാപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിന്നീട് അത് തിരുത്തി. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1ന് മുന്നിലാണെങ്കിലും അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ പരമ്പരയുടെ ഫലം എന്തായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ മത്സരം പിന്നീടൊരിക്കൽ കളിക്കാമെന്ന നിർദേശം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അങ്ങനെ നടത്തുകയാണെങ്കിൽ അത് പരമ്പരയുടെ ഭാഗമല്ലാതെ ഒരു മത്സരം എന്ന നിലക്കുമാത്രമായിരിക്കുമെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെ പുറത്തുവന്ന കളിക്കാരുടെ ആർ.ടി.പി.സി.ആർ ഫലം നെഗറ്റിവായതോടെ കളി നടത്താനായിരുന്നു ഇരുബോർഡുകളുടെയും നീക്കമെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ കളിക്കാർ ശക്തമായ എതിർപ്പ് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ തന്നെ കളിക്കാർ കളിക്കാനാവില്ലെന്ന നിലപാട് ബി.സി.സി.ഐയെ അറിയിച്ചു. കളിക്കാരിലാർക്കെങ്കിലും സമ്പർക്ക വിലക്കിൽ പോകേണ്ടിവന്നാൽ ഈമാസം 19ന് യു.എ.ഇയിൽ തുടങ്ങുന്ന ഐ.പി.എല്ലിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നതും കളിക്കാരുടെ എതിർപ്പിന് കാരണമായി. ഐ.പി.എല്ലിനെ ബാധിക്കുന്നത് ബി.സി.സി.ഐക്കും താൽപര്യമില്ലാത്ത കാര്യമായതിനാൽ ടെസ്റ്റ് വേണ്ടെന്നുവെക്കുക എന്ന തീരുമാനത്തിലേക്ക് അവരും എത്തുകയായിരുന്നു. തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി പലതവണ ചർച്ച നടത്തിയശേഷം ബി.സി.സി.ഐ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.