തകർത്തടിച്ച് കോഹ്‍ലി; പാകിസ്താന് 182 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: ഏഷ്യാ കപ്പ് ട്വന്റി 20യിലെ ഇന്ത്യ-പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താന് 182 റൺസ് വിജയലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 181 റൺസ് അടിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധശതകം നേടിയ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 44 പന്തിൽ 60 റൺസെടുത്ത കോഹ്‍ലി റൺഔട്ടാവുകയായിരുന്നു. ഒരു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
16 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം വീണത്. ഹാരിസ് റഊഫിന്റെ പന്തിൽ ഖുഷ്ദിൽ ഷാ പിടിച്ച് പുറത്താവുകയായിരുന്നു. വൈകാതെ 20 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 28 റൺസെടുത്ത കെ.എൽ. രാഹുലും മടങ്ങി. ഷദാബ് ഖാന്റെ പന്തിൽ മുഹമ്മദ് നവാസാണ് രാഹുലിനെ കൈപ്പിടിയിലൊതുക്കിയത്. താമസിയാതെ പത്ത് പന്തിൽ 13 റൺസെടുത്ത സൂര്യകുമാർ യാദവും 12 പന്തിൽ 14 റൺസെടുത്ത ഋഷബ് പന്തും രണ്ട് പന്തിൽ റൺസൊന്നുമെടുക്കാതെ കഴിഞ്ഞ കളിയിലെ ഹീറോ ഹാർദിക് പാണ്ഡ്യയും 14 ബാളിൽ 16 റൺസെടുത്ത ദീപക് ഹൂഡയും മടങ്ങി. രണ്ട് പന്തിൽ എട്ട് റൺസെടുത്ത രവി ബിഷ്‍ണോയിയും റൺസെടുക്കാതെ ഭുവനേശ്വർ കുമാറും പുറത്താവാതെ നിന്നു.
ടോസ് ലഭിച്ച പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഹോങ്കോങ്ങിനെതിരായ കഴിഞ്ഞ കളിയിൽനിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജദേജക്ക് പകരം ദീപക് ഹൂഡയും വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന് പകരം ഋഷബ് പന്തും ആവേശ് ഖാന് പകരം രവി ബിഷ്‍ണോയിയും െപ്ലയിങ് ഇലവനിൽ സ്ഥാനം ലഭിച്ചു. പാക് ടീമിൽ മുഹമ്മദ് ഹസ്‌നൈനും ഇടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.