അമ്പരപ്പിക്കുന്ന സാമ്യതകൾ!; ഐ.പി.എൽ, വനിത പ്രീമിയർ ലീഗ് ഫൈനലുകളിൽ തനിയാവർത്തനം
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ തോൽപിച്ച് മൂന്നാം തവണയും കിരീട നേട്ടത്തിലെത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇരു ടീമും തമ്മിലുള്ള കലാശക്കളിക്ക് അടുത്തിടെ അവസാനിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള വനിത പ്രീമിയർ ലീഗ് (ഡബ്ലു.പി.എൽ) ഫൈനലുമായി അമ്പരപ്പിക്കുന്ന സാമ്യതകളാണുള്ളത്. ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ വ്യത്യസ്തമാണെങ്കിലും സ്കോറിന്റെയും ജയത്തിന്റെയും നായകന്മാരുടെയുമെല്ലാം കാര്യത്തിൽ തനിയാവർത്തനമായിരുന്നു.
ഐ.പി.എൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ കൊൽക്കത്ത ബൗളർമാർ 18.3 ഓവറിൽ 113 റൺസിന് പുറത്താക്കുകയായിരുന്നു. മാർച്ച് 17ന് നടന്ന ഡബ്ലു.പി.എല്ലിൽ മെഗ് ലാനിങ് നയിച്ച ഡൽഹി ക്യാപിറ്റൽസിനെ ആർ.സി.ബിയും ഇതേ സ്കോറിനാണ് എറിഞ്ഞൊതുക്കിയത്. അതും 18.3 ഓവറിൽ. കിരീടം നേടിയ ഇരു ടീമും ജയിച്ചതും എട്ട് വിക്കറ്റിന്.
ഐ.പി.എൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചത് ഇന്ത്യക്കാരനായ ശ്രേയസ് അയ്യരാണെങ്കിൽ ഡബ്ലു.പി.എൽ ജേതാക്കളായ ആർ.സി.ബിയുടെ നായിക ഇന്ത്യക്കാരിയായ സ്മൃതി മന്ഥാനയായിരുന്നു. അതേസമയം, ഐ.പി.എൽ ഫൈനലിൽ തോറ്റ ഹൈദരാബാദിന്റെ ക്യാപ്റ്റൻ ആസ്ട്രേലിയക്കാരൻ പാറ്റ് കമ്മിൻസ് ആയിരുന്നെങ്കിൽ ഡബ്ലു.പി.എല്ലിൽ തോറ്റ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത് ആസ്ട്രേലിയക്കാരിയായ മെഗ് ലാനിങ്.
ഇരുവരും തൊട്ടുമുമ്പുള്ള ലോകകപ്പുകളിൽ ഇന്ത്യയെ തോൽപിച്ച് ആസ്ട്രേലിയക്ക് കിരീടം നേടിക്കൊടുത്ത ശേഷമാണ് ഐ.പി.എൽ, ഡബ്ലു.പി.എൽ ഫൈനലുകളിൽ പരാജയപ്പെടുന്നത്. കമ്മിൻസ് നയിച്ച ആസ്ട്രേലിയൻ ടീം 2023ൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തുടർന്ന് നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ തോൽപിച്ച് കിരീട നേട്ടത്തിലെത്തിയപ്പോൾ ലാനിങ് നയിച്ച ഓസീസ് 2022ലെ വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കിയാണ് ജേതാക്കളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.