സ്റ്റോയിനിസിന് അർധസെഞ്ച്വറി; ലഖ്നോയോടും തോറ്റ് മുംബൈ
text_fieldsലഖ്നോ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് മുബൈ ഒരുക്കിയ 145 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലഖ്നോ അടിച്ചെടുക്കുകയായിരുന്നു. 45 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 62 റൺസെടുത്ത മാർകസ് സ്റ്റോയിനിസാണ് ജയം എളുപ്പമാക്കിയത്.
കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്നോക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രം നിൽക്കെ നേരിട്ട ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയെ തുഷാര വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ കെ.എൽ രാഹുൽ (22 പന്തിൽ 28) മാർകസ് സ്റ്റോയിനിസിനൊപ്പം ചേർന്ന് സ്കോർ ചലിപ്പിച്ചു. രാഹുൽ പുറത്തായ ശേഷം ദീപക് ഹൂഡ (18), ആഷ്ടൺ ടേണർ (5), ആയുഷ് ബദോനി (6) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും നിക്കൊളാസ് പൂരനും (14 പന്തിൽ 14), ക്രുനാൽ പാണ്ഡ്യയും (ഒരു പന്തിൽ ഒന്ന്) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു. മുംബൈക്കായി ഹാർദിക് പാണ്ഡ്യ രണ്ടും നുവാൻ തുഷാര, മുഹമ്മദ് നബി എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
നേരത്തെ മുംബൈ ഇന്ത്യൻസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ ലഖ്നോ ബൗളർമാർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ പിടിച്ചുകെട്ടുകയായിരുന്നു. 41 പന്തിൽ 46 റൺസെടുത്ത നേഹൽ വധേരയായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തിൽ നാല് റൺസെടുത്ത താരത്തെ മുഹ്സിൻ ഖാന്റെ പന്തിൽ സ്റ്റോയിനിസ് കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ സൂര്യകുമാർ യാദവിനും അധികം ആയുസുണ്ടായില്ല. ആറ് പന്തിൽ പത്ത് റൺസെടുത്ത സൂര്യയെ സ്റ്റോയിനിസിന്റെ പന്തിൽ കെ.എൽ രാഹുൽ പിടികൂടി. ഏഴ് റൺസെടുത്ത തിലക് വർമ റണ്ണൗട്ടാവുകയും ഹാർദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ പുറത്താവുകയും ചെയ്തതോടെ 5.2 ഓവറിൽ നാലിന് 27 എന്ന നിലയിലേക്ക് മുംബൈ വീണു. ഒരറ്റത്ത് പിടിച്ചുനിന്ന ഇഷാൻ കിഷനും ആറാമനായെത്തിയ നെഹാൽ വധേരയും ചേർന്ന് പതിയെ കരകയറ്റിയെങ്കിലും സ്കോർ ബോർഡിൽ കാര്യമായ കുതിച്ചുകയറ്റമുണ്ടായില്ല. സ്കോർ 80ൽ എത്തിയപ്പോൾ ഇഷാൻ കിഷനും വീണു. രവി ബിഷ്‍ണോയിയുടെ പന്തിൽ മായങ്ക് യാദവ് പിടികൂടുകയായിരുന്നു.
41 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 46 റൺസെടുത്ത നെഹാൽ വധേര മുഹ്സിൻ ഖാൻ എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ സ്റ്റമ്പ് തെറിച്ച് മടങ്ങുകയും ചെയ്തതോടെ ആറിന് 112 എന്ന നിലയിലായി. ശേഷമെത്തിയ മുഹമ്മദ് നബിയെ (1) പരിക്കിൽനിന്ന് മുക്തനായെത്തിയ മായങ്ക് യാദവും തിരിച്ചയച്ചു. നബിയുടെ ബാറ്റിൽ തട്ടിയ ശേഷം പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡാണ് സ്കോർ 140 കടത്തിയത്. ഡേവിഡ് 18 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്തും ജെറാൾഡ് കോയറ്റ്സി ഒരു റൺസുമായും പുറത്താവാതെനിന്നു.
ലഖ്നോക്കായി മുഹ്സിൻ ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ മാർകസ് സ്റ്റോയിനിസ്, നവീനുൽ ഹഖ്, മായങ്ക് യാദവ്, രവി ബിഷ്‍ണോയ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.