രോഹിത്തോ ബാബറോ അല്ല! ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരനെ പ്രവചിച്ച് സ്മിത്ത്
text_fieldsന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. അന്താരാഷ്ട്ര ക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത അയർലൻഡാണ് എതിരാളികൾ. സൂപ്പർതാരം വിരാട് കോഹ്ലി ഐ.പി.എല്ലിലെ ഫോം ട്വന്‍റി20 ലോകകപ്പിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 15 മത്സരങ്ങളിൽനിന്ന് 741 റൺസാണ് കോഹ്ലി നേടിയത്. ടൂർണമെന്‍റിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും താരത്തിനായിരുന്നു. നേരത്തെ, കോഹ്ലിയെ ട്വന്‍റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി വലിയ ചർച്ചകൾ നടന്നിരുന്നു. താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് ട്വന്‍റി20 ഫോർമാറ്റിന് ചേരുന്നതല്ലെന്നായിരുന്നു വിമർശകർ പ്രധാനമായും ഉന്നയിച്ചിരുന്നത്. ഐ.പി.എല്ലിൽ റൺ വാരിക്കൂട്ടിയാണ് താരം വിമർശകർക്ക് മറുപടി നൽകിയത്.
ഐ.പി.എല്ലിലെ തകർപ്പൻ ബാറ്റിങ് പ്രകടനം തന്നെയാണ് കോഹ്ലിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിൽ നിർണായകമായത്. താരത്തെ ഓപ്പണറായി ഇറക്കണമെന്നുവരെ ഒരുവിഭാഗം വാദിച്ചു. മുൻ ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. ഈ ട്വന്‍റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം കോഹ്ലിയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരൻ കോഹ്ലിയാകും. ഐ.പി.എല്ലിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം ലോകകപ്പ് കളിക്കാനെത്തുന്നത്. അദ്ദേഹം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകും’ -ഐ.സി.സി സംഘടിപ്പിച്ച പരിപാടിയിൽ സ്മിത്ത് പറഞ്ഞു. ഐ.പി.എല്ലിൽ പലതവണ ടീമുകൾ 250 പ്ലസ് സ്കോർ കടന്നിരുന്നു. എന്നാൽ, ട്വന്‍റി20 ലോകകപ്പ് നടക്കുന്ന ഗ്രൗണ്ടിലെ പിച്ചുകൾ ബാറ്റിങ്ങിന് അനുകൂലമല്ല. ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക 77 റൺസിന് പുറത്തായതും പി.എൻ.ജിക്കെതിരെ വെസ്റ്റിൻഡീസ് വിറച്ച് ജയിച്ചതും ബാറ്റിങ് ദുഷ്കരമാകുമെന്നതിനുള്ള തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.