ഇന്ത്യക്കെതിരെ വമ്പന്‍ നേട്ടം; സെഞ്ച്വറി നേട്ടത്തില്‍ റെക്കോഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്
text_fieldsമെല്‍ബണ്‍: ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് അടിച്ചെടുത്ത സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ നേടിയത്. ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്മിത്ത് ഇതിനിടെ ചില റെക്കോഡുകളും സ്വന്തം പേരിലാക്കി. സെഞ്ച്വറികളുടെ എണ്ണത്തില്‍ സുനില്‍ ഗവാസ്‌കര്‍, യൂനിസ് ഖാന്‍, മഹേള ജയവര്‍ധനെ, ബ്രയന്‍ ലാറ എന്നിവര്‍ക്കൊപ്പമെത്താന്‍ സ്മിത്തിനായി. ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ള ഏക ഓസീസ് താരം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ്. 41 സെഞ്ച്വറികളാണ് പോണ്ടിങ്ങിന്റെ അക്കൗണ്ടിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് സ്മിത്ത് സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ മറികടന്ന സ്മിത്ത്, ഇന്ത്യക്കെതിരെ 11-ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് മെല്‍ബണില്‍ കുറിച്ചത്. കേവലം 43 ഇന്നിങ്‌സില്‍നിന്നാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. ജോ റൂട്ട് പത്ത് സെഞ്ച്‌റികള്‍ നേടയത് 55 ഇന്നിങ്‌സില്‍ നിന്നാണ്. ഇന്ത്യക്കെതിരെ എട്ട് വീതം സെഞ്ച്വറികള്‍ നേടിയ ഗാരി സോബേഴ്‌സ്, വിവ് റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ് എന്നിവരാണ് പിന്നിലുള്ളത്.
അതേസമയം ടെസ്റ്റിന്റെ രണ്ടാം ദിനവും ഓസീസ് മത്സരത്തില്‍ പിടിമുറുക്കുന്ന കാഴ്ചക്കാണ് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സ് നേടിയ ഓസീസിനെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ (82) ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും താരം റണ്ണൗട്ടായത് നിരാശയായി. രോഹിത് ശര്‍മ (മൂന്ന്), കെ.എല്‍. രാഹുല്‍ (24), വിരാട് കോഹ്‌ലി (36) ആകാശ് ദീപ് (പൂജ്യം) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആറ് റണ്‍സുമായി ഋഷഭ് പന്തും നാല് റണ്‍സുമായി രവീന്ദ്ര ജദേജയുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ്ങിയ ഓസീസ് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് 474 റണ്‍സ് അടിച്ചെടുത്തത്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബൂഷെയ്ന്‍ (72) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജദേജ മൂന്നും വിക്കറ്റുകള്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.