അദാനിക്കെതിരെ മൈതാനത്തിറങ്ങി പ്രതിഷേധം, സിഡ്നി ഏകദിനത്തിനിടെ നാടകീയ സംഭവങ്ങൾ
text_fieldsസിഡ്നി: ഇന്ത്യൻ വ്യവസായ ഭീമനായ ഗൗതം അദാനിക്ക് ആസ്ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാനായി എസ്.ബി.ഐ 5000 കോടി നൽകുന്നതിനെതിരെ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച് യുവാക്കൾ. ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ഏകദിനം നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
ആദ്യം ബാറ്റുചെയ്ത അസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സൈനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആസ്ട്രേലിയൻ പൗരൻമാരായ രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങുകയായിരുന്നു.
ഇരുടീമിലെയും കളിക്കാർ അപ്രതീക്ഷിത പ്രതിഷേധത്തിൽ അമ്പരന്നു. അദാനി ഗ്രൂപ്പിന്റെ ആസ്ട്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരെ പുകയുന്ന പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും നീങ്ങിയത്. 'നോ വൺ ബില്യൺ ഡോളർ അദാനി ലോൺ' എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ഇരുവരെയും പിന്നീട് സുരക്ഷാ ജീവനക്കാർ പുറത്തേക്ക് കൊണ്ടുപോയി.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തും പ്രതിഷേധവുമായി ആളുകൾ ഒത്തുകൂടിയിരുന്നു. ആസ്ട്രേലിയയിൽ കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടർന്ന് നിശ്ചിത ശതമാനം കാണികൾക്ക് ഗ്രൗണ്ടിൽ പ്രവേശനം നൽകിയിരുന്നു. മത്സരത്തിൽ ഇന്ത്യ 66 റൺസിൻെറ തോൽവി വഴങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.